ബാഴ്സലോണയുടെ ഈ സീസൺ നിരാശയുടേത് ആയി തന്നെ തുടരുകയാണ്. ഇന്ന് ഒരു നിർണായക മത്സരത്തിൽ കൂടെ ബാഴ്സലോണ പരാജയപ്പെട്ടിരിക്കുകയാണ്. സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡിന് എതിരെ ആയിരുന്നു ഇന്ന് ബാഴ്സലോണ ഇറങ്ങിയത്. ഒരൊറ്റ ഗോളിനാണ് അത്ലറ്റിക്കോ മാഡ്രിഡ് വിജയിച്ചത്. ആ ഗോൾ വന്നതോ ബാഴ്സലോണയുടെ വിശ്വസ്തനായ ടെർ സ്റ്റെഗന് പറ്റിയ ഒരു വലിയ അബദ്ധത്തിൽ നിന്നും.
ആദ്യ പകുതിയുടെ അവസാന നിമിഷം ഗോൾ വലയും പെനാൾട്ടി ബോക്സും വിട്ട് മൈതാാനത്തിന്റെ മധ്യത്തിലേക്ക് വന്ന് പന്ത് ഡിഫൻഡ് ചെയ്യാൻ നോക്കിയതായിരുന്നു ടെർ സ്റ്റേഗൻ. എന്നാൽ അത് അബദ്ധമായി തന്നെ മാറി. കരാസ്കോ വളരെ എളുപ്പത്തിൽ ടെർ സ്റ്റേഗനെ മറികടന്ന് ഒഴിഞ്ഞ് കിടന്ന ഗോൾ പോസ്റ്റിൽ പന്ത് എത്തിച്ചു. ആ ഗോൾ മതി ആയിരുന്നു അത്ലറ്റിക്കോയ്ക്ക് മൂന്ന് പോയിന്റ് സ്വന്തമാക്കാൻ. ലയണൽ മെസ്സിയും ഗ്രീസ്മനും ഒക്കെ അത്ലറ്റിക്കോ പ്രതിരോധം ഭേദിക്കാൻ ആവാതെ നിരാശയുമായി കളി അവസാനിപ്പിച്ചു. ബാഴ്സലോണ സെന്റർ ബാക്ക് പികെയ്ക്ക് മുട്ടിന് പരിക്കേറ്റ് കളം വിടേണ്ടി വന്നതും ബാഴ്സക്ക് പ്രശ്നമായി.
ഇന്നത്തെ വിജയം 8 മത്സരങ്ങളിൽ 20 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡിനെ ഒന്നാമതുള്ള സോസിഡാഡിന് ഒപ്പം എത്തിച്ചു. ബാഴ്സലോണ ഇപ്പോൾ പത്താം സ്ഥാനത്താണ് ഉള്ളത്. ഇത് ആദ്യമായാണ് സിമിയോണി പരിശീലകനായിരിക്കെ അത്ലറ്റിക്കോ മാഡ്രിഡ് ബാഴ്സലോണയെ ലാലിഗയിൽ തോൽപ്പിക്കുന്നത്.