കായിക ചരിത്രത്തിൽ ടെന്നീസ് ചരിത്രത്തിൽ ലോകം കണ്ട ഏറ്റവും മഹാനായ കായിക താരങ്ങളിൽ ഒരാൾ ആയി ചിലപ്പോൾ ടെന്നീസിൽ എക്കാലത്തെയും മഹത്തായ താരം ആയി അടയാളപ്പെടുത്തേണ്ട പേര് തന്നെയാണ് നൊവാക് ജ്യോക്കോവിച്ച് എന്ന സെർബിയൻ താരത്തിന്റേത്. ഒട്ടുമിക്ക കണക്കുകളിൽ കളത്തിലെ മികവിൽ ഒക്കെ ഇതിഹാസ പദവി കൈവരിച്ച റോജർ ഫെഡററിനെ, റാഫേൽ നദാലിനെ വരെ ജ്യോക്കോവിച്ച് ഇതിനകം തന്നെ മറികടന്നു കഴിഞ്ഞു. ഏറ്റവും കൂടുതൽ ഗ്രാന്റ് സ്‌ലാം കിരീട നേട്ടങ്ങളിൽ, എ.ടി.പി മാസ്റ്റേഴ്സ് കിരീടങ്ങളിൽ, ഏറ്റവും കൂടുതൽ ആഴ്ച ലോക ഒന്നാം നമ്പർ ആയ കണക്കിൽ ഇങ്ങനെ ഇങ്ങനെ നൊവാക് ജ്യോക്കോവിച്ച് എന്ന സെർബിയക്കാരൻ കീഴടക്കിയതും ഇനി കീഴടക്കാൻ ഉള്ളതും ആയ റെക്കോർഡുകൾ അവിശ്വസനീയം എന്നു മാത്രം വിളിക്കാവുന്ന ഒന്നാണ്. ഓപ്പൺ യുഗത്തിൽ എല്ലാ ഗ്രാന്റ് സ്‌ലാം കിരീടങ്ങളും രണ്ടു തവണ നേടിയ ഏക താരമായ ജ്യോക്കോവിച്ചിന്റെ ഏറ്റവും പ്രിയപ്പെട്ട ഓപ്പൺ ആണ് ഓസ്‌ട്രേലിയൻ ഓപ്പൺ. ഹാർഡ് കോർട്ടിലെ ഒരേയൊരു രാജാവ് ആയ ജ്യോക്കോവിച്ച് ഒമ്പത് തവണയാണ് മെൽബണിൽ കിരീടം ഉയർത്തിയത്. പലപ്പോഴും കളത്തിനു അകത്ത് തന്റെ പെരുമാറ്റം കൊണ്ടു വിമർശനങ്ങൾ ക്ഷണിച്ചു വരുത്തിയെങ്കിലും ഏതൊരു യുവ കായിക താരത്തിനും മാതൃക ആക്കാവുന്ന ഏറ്റവും വലിയ പ്രതീകം തന്നെയാണ് കളത്തിനു അകത്തെ ജ്യോക്കോവിച്ച്. കളത്തിനു പുറത്ത് പക്ഷെ അശാസ്ത്രീയതയും മണ്ടത്തരവും നിരന്തരം ആവർത്തിക്കുന്ന മറ്റൊരു മുഖവും ജ്യോക്കോവിച്ചിനു ഉണ്ട്.
ഇന്ന് കളത്തിനു പുറത്തെ ജ്യോക്കോവിച്ച് വാർത്തകളിൽ നിറയുന്നതും വാർത്ത സൃഷ്ടിക്കുന്നതും ഉറപ്പായിട്ടും മോശം കാര്യങ്ങൾക്ക് ആയിട്ട് മാത്രമാണ്. ഓസ്‌ട്രേലിയൻ ഓപ്പൺ തുടങ്ങാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോൾ വാക്സിനേഷൻ വിവരങ്ങൾ നൽകാൻ വിസമ്മതിച്ചു സ്വയം അപഹാസ്യനായിട്ട് കോടതികളിൽ ഓസ്‌ട്രേലിയൻ നിയമ വ്യവസ്ഥയോട് യുദ്ധം ചെയ്യുന്ന ജ്യോക്കോവിച്ച് മുന്നോട്ടു വെക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ ആവാത്ത മാതൃകയാണ്. ഭാര്യ യെലേനയും ആയി ചേർന്നു നിരവധി മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ജ്യോക്കോവിച്ച് പലപ്പോഴും അയ്യാളുടെ വ്യക്തിപരമായ വിശ്വാസങ്ങളുടെ പേരിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. ഉറപ്പായും വ്യക്തിപരമായ വിശ്വാസങ്ങളുടെ പേരിൽ ആളുകൾ അക്രമിക്കപ്പെടേണ്ട കാര്യം ഇല്ല എന്നാൽ ജ്യോക്കോവിച്ച് പലപ്പോഴും ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുന്ന വിധം പോലും മുന്നോട്ടു വരുന്നത് ആണ് വിമർശങ്ങൾക്ക് വലിയ കാരണം ആയത്. ഇന്ന് ആവട്ടെ കോവിഡ് വാക്സിനേഷനും ആയി ബന്ധപ്പെട്ടു ജ്യോക്കോവിച്ച് മുന്നോട്ട് വെക്കുന്ന വാദങ്ങൾ ഒരു തരത്തിലും ന്യായീകരിക്കാൻ പോലും ആവാത്തത് ആണ്. തുടക്കം മുതൽ തന്നെ കോവിഡ് വാക്സിനേഷനെ സംശയത്തോടെ കണ്ട ജ്യോക്കോവിച്ച് കളിക്കാൻ ആയി വാക്സിനേഷൻ നിർബന്ധം ആക്കിയാൽ താൻ അതിൽ പങ്കെടുക്കില്ല എന്നു പോലും പറഞ്ഞു. പിന്നീട് എല്ലാ വാക്സിനേഷനും താൻ എതിരല്ല എന്ന വാദവും ആയി താരം രംഗത്ത് വന്നു. താൻ കോവിഡ് വാക്സിനേഷനു വിധേയമായോ എന്ന ചോദ്യത്തിന് എന്നും അത് വ്യക്തിപരമായ കാര്യം ആണ് എന്ന് പറഞ്ഞു ഒഴിഞ്ഞു മാറുക എന്ന രീതിയാണ് ജ്യോക്കോവിച്ച് എന്നും സ്വീകരിച്ചത്.
വാക്സിനേഷനു വിധേയമാകാതെ ഓസ്‌ട്രേലിയയിലേക്ക് ആളുകളെ പ്രവേശിപ്പിക്കില്ല എന്ന കീഴ്‌വഴക്കത്തെ ജ്യോക്കോവിച്ചിനു മാത്രമായിട്ട് അട്ടിമറിച്ച ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ ഭരണകൂടം ആണ് ജ്യോക്കോവിച്ചിനെ ഓസ്‌ട്രേലിയയിൽ എത്തിക്കുന്നത്. ഇതിനു എതിരെ വിക്ടോറിയ ഭരണകൂടം അടക്കം പലരും എതിർപ്പ് പ്രകടിപ്പിച്ചും ഉണ്ട്. എന്നാൽ ഓസ്‌ട്രേലിയയിൽ എത്തിച്ച ജ്യോക്കോവിച്ചിന്റെ ഇമിഗ്രേഷൻ ഫോമിൽ കോവിഡ് വിവരങ്ങൾ തെറ്റായി നൽകി എന്നതിന് ഓസ്‌ട്രേലിയൻ ബോർഡർ സെക്യൂരിറ്റി തടഞ്ഞു വക്കുന്നത് ആണ് ആദ്യം കാണാൻ ആയത്. ഈ സമയത്ത് താൻ കോവിഡ് വാക്സിനേഷൻ എടുത്തിട്ടില്ല എന്ന സത്യവും ജ്യോക്കോവിച്ച് ഇവരോട് വ്യക്തമാക്കുന്നുണ്ട്. തുടർന്ന് നീണ്ട കോടതി യുദ്ധത്തിന് ശേഷം ജ്യോക്കോവിച്ചിനു ഓസ്‌ട്രേലിയയിൽ തുടരാനുള്ള അനുമതി അയ്യാളുടെ അഭിഭാഷകർ താരത്തിനു നേടി നൽകുന്നുണ്ട്. തുടർന്ന് പരിശീലനത്തിലും താരം ഏർപ്പെടുന്നുണ്ട്. എന്നാൽ നിലവിൽ താരത്തിന് ഓസ്‌ട്രേലിയയിൽ തുടരാൻ ആവുമോ എന്ന കോടതി വിചാരണക്ക് തൊട്ടു മുമ്പ് താരത്തെ ഓസ്‌ട്രേലിയൻ അധികൃതർ തടഞ്ഞു വച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കോടതി ജ്യോക്കോവിച്ചിനു അനുകൂലമായ വിധി പറയും എന്ന പ്രതീക്ഷയിൽ ആണ് ലോക ഒന്നാം നമ്പറിന്റെ ആരാധകർ.
എന്നാൽ ഈ വിധി എന്ത് തന്നെയാലും ജ്യോക്കോവിച്ച് എന്ന അനുഗ്രഹീത കായിക താരം മുന്നോട്ട് വെക്കുന്ന മാതൃക ഒരുതരത്തിലും അംഗീകരിക്കാൻ ആവാത്തത് ആണ്. ഇന്ന് മനുഷ്യൻ അവന്റെ ആരോഗ്യത്തിൽ ആയുസ്സിൽ കൈവരിച്ച ഏത് നേട്ടത്തിനും ഏറ്റവും കൂടുതൽ നന്ദി പറയേണ്ട ഒന്നു ഉറപ്പായിട്ടും ആധുനിക വൈദ്യശാസ്ത്രം തന്നെയാണ്. അതിൽ മനുഷ്യന്റെ ആയുസ്സ് കൂട്ടിയതിൽ വാക്സിനേഷൻ വഹിച്ച പങ്ക് ചില്ലറയല്ല. പ്ളേഗും, കോളറയും, സ്പാനിഷ് ഫ്ലൂവും, വസൂരിയും മുതൽ മനുഷ്യനെ കൊന്നൊടുക്കിയ പല ഭീകര രോഗങ്ങളെയും നാം പ്രതിരോധിച്ചത് വാക്സിനേഷനും ആധുനിക വൈദ്യശാസ്ത്രവും ഉപയോഗിച്ച് ആണ്. ഇന്ന് കോവിഡ് അധികം ആളുകളെ കൊല്ലുന്നില്ല എന്നതിന് നാം നന്ദി പറയേണ്ടതും ഈ ആധുനിക വൈദ്യശാസ്ത്രത്തിനോട് ആണ്. എന്തിന് ഇന്ന് 34 മത്തെ വയസ്സിൽ നൊവാക് ജ്യോക്കോവിച്ച് ലോക ഒന്നാം നമ്പർ ആയി തുടരുന്നു എന്നതിന് അയ്യാൾ നന്ദി പറയേണ്ടതും ആധുനിക വൈദ്യശാസ്ത്രത്തിനോട് ആണ് അല്ലാതെ അയ്യാളുടെ അശാസ്ത്രീയ വിശ്വാസങ്ങളോട് അല്ല. കരിയറിലെ ഏറ്റവും മികച്ച ഫോമിൽ 2016 ൽ ലോകം മുഴുവൻ വെട്ടിപിടിച്ചു നിന്ന സമയത്ത് ആണ് ജ്യോക്കോവിച്ചിനു 2017 ൽ തന്റെ കൈമുട്ടിനു പരിക്കേറ്റു കളം വിടുകയാണ് എന്ന കാര്യം ജ്യോക്കോവിച്ച് പ്രഖ്യാപിക്കുന്നത്. ജ്യോക്കോവിച്ചിന്റെ കരിയർ പോലും അവസാനിച്ചു എന്ന പ്രവചനങ്ങൾ ഉണ്ടായി. ഇനി പരിക്കിൽ നിന്നു തിരിച്ചു വന്നാലും അയ്യാൾ പഴയ ‘റോബോട്ട്’ ആവില്ല എന്നു പലരും ഉറപ്പിച്ചു പറഞ്ഞു. ചിലപ്പോൾ ഒരു 30 വർഷം മുമ്പ് ആയിരുന്നു എങ്കിൽ ഈ പരിക്ക് ബോറിസ് ബെക്കറിന് ആണ് സംഭവിച്ചത് എങ്കിൽ ചിലപ്പോൾ ആ കരിയർ അന്ന് തന്നെ അവസാനിച്ചു പോയിരുന്നേനെ. അങ്ങനെ പരിക്ക് കാരണം കരിയർ അവസാനിപ്പിച്ച എത്ര താരങ്ങളെ നമുക്ക് ചരിത്രത്തിൽ കാണാൻ സാധിക്കും.
എന്നാൽ ആ പരിക്കിൽ നിന്നും ജ്യോക്കോവിച്ച് തിരിച്ചു വന്നു, പൂർവാധികം ശക്തമായി, 2018 മുതൽ വീണ്ടും അയ്യാൾ ടെന്നീസ് ലോകം ഭരിച്ചു, ഇന്നും അയ്യാൾ ടെന്നീസ് ലോകത്തെ രാജാവ് ആണ്. ഉറപ്പായിട്ടും അയ്യാളുടെ മനകരുത്തിനു പോരാട്ട വീര്യത്തിനു നമ്മൾ അഭിനന്ദനങ്ങൾ ചൊരിയണം, എന്നാൽ ചോദ്യം ഇതാണ് അത് അയ്യാളുടെ മാത്രം വിജയമാണോ? അല്ലെങ്കിൽ അയ്യാൾ വിശ്വസിക്കുന്ന അശാസ്ത്രീയ രീതികളുടെ വിജയമാണോ? ഒരിക്കലും അല്ല. 2018 ൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ വഴിയിൽ കൈമുട്ടിന് വലിയ ശസ്‌ത്രക്രിയ നടത്തി, ആ ആധുനിക വൈദ്യശാസ്ത്രം നിർദേശിച്ച മരുന്നുകൾ കഴിച്ചു, ആ ആധുനിക വൈദ്യശാസ്ത്രത്തിന്റെ നിർദേശങ്ങൾ അനുസരിച്ചു എന്നത് കൊണ്ട് മാത്രം ആണ് നൊവാക് ജ്യോക്കോവിച്ച് ഇന്നത്തെ ജ്യോക്കോവിച്ച് ആയത്. അത് അന്ന് മാത്രമല്ല അയ്യാൾ ജനിച്ച അന്ന് മുതൽ കരിയർ തുടങ്ങിയ അന്ന് മുതൽ അയ്യാൾ നേടിയ എന്ത് നേട്ടത്തിനും ആധുനിക വൈദ്യശാസ്ത്രത്തിനു വലിയ പങ്ക് ഉണ്ട്. ഇന്നും ജ്യോക്കോവിച്ച് കൂടെ സൂക്ഷിക്കുന്ന ഡോക്ടർമാർ, ഫിസിയോമാർ ഒക്കെ ഈ ആധുനിക വൈദ്യശാസ്ത്രം പഠിച്ചവർ തന്നെയാണ്. അവരുടെ നിർദേശങ്ങൾ അക്ഷരം പ്രതി പാലിച്ചു ആയിരിക്കണം ജ്യോക്കോവിച്ച് തന്റെ ശാരീരിക ക്ഷമതക്ക് ആയുള്ള കാര്യങ്ങൾ ചെയ്യുന്നതും. ഉറപ്പായിട്ടും ആ ആധുനിക വൈദ്യശാസ്ത്രത്തിന്റെ എല്ലാ നേട്ടങ്ങളും അനുഭവിച്ചിട്ട് അത് മുന്നോട്ടു വെക്കുന്ന വാക്സിനേഷനു നേരെ ഏത് വ്യക്തിപരമായ വിശ്വാസത്തിനു പുറത്ത് ആയാലും നൊവാക് ജ്യോക്കോവിച്ച് പുറം തിരിഞ്ഞു നിൽക്കുന്നത് ഏറ്റവും മോശം മാതൃക തന്നെയാണ്. ഉറപ്പായിട്ടും വലിയ അവസരവാദമാണ് ജ്യോക്കോവിച്ച് പ്രവർത്തിക്കുന്നത്. ഒപ്പം താൻ കാരണം സ്വാധീനിക്കപ്പെടുന്ന കോടിക്കണക്കിന് ആരാധകരെയും അയ്യാൾ നിരാശപ്പെടുത്തുന്നുണ്ട്. ജ്യോക്കോവിച്ച് വാക്സിനേഷനു എതിരാണ് എന്നു പറഞ്ഞു വാക്സിനേഷനു എതിരാവുന്ന ഒരാൾ പോലും ഒരു പരിധി വരെ അയ്യാളുടെ തെറ്റ് ആയി മാറുന്നുമുണ്ട്. ഉറപ്പായിട്ടും ജ്യോക്കോവിച്ചിനു മാത്രമായി നിയമം മാറ്റി എഴുതാം എന്നു കരുതിയ ഓസ്‌ട്രേലിയൻ സർക്കാരും ടെന്നീസ് അസോസിയേഷനും താരങ്ങളുടെ സംഘടനയും(എ.ടി.പി താരങ്ങളുടെ തലവൻ കൂടിയാണ് ജ്യോക്കോവിച്ച്) ഒക്കെ ഇവിടെ വിചാരണ നേരിടേണ്ടത് ആണ്. ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസ് പറഞ്ഞ പോലെ സ്വയം നിയമങ്ങൾ എഴുതി അയ്യാൾക്ക് തോന്നിയ പോലെ ജീവിക്കാൻ തോന്നിയ പോലെ പ്രവർത്തിക്കാൻ ജ്യോക്കോവിച്ചിനു ആവുന്നു എങ്കിൽ അദ്ദേഹം വെല്ലുവിളിക്കുന്നത് ആധുനിക വൈദ്യശാസ്ത്രത്തെയും കായിക രംഗത്തെയും അടക്കം നാം എല്ലാവരെയും ആണ്. എത്ര വലിയ കായിക താരമാണ് എന്നു പറഞ്ഞാലും എത്ര വലിയ ജേതാവ് ആണെന്ന് പറഞ്ഞാലും കളത്തിനു പുറത്ത് ഇന്ന് ജ്യോക്കോവിച്ച് സൃഷ്ടിക്കുന്ന മാതൃക അത്രമേൽ അപഹാസ്യമാണ്, അവസരവാദിയായ മോശം മാതൃക ആയി ചിലപ്പോൾ ചരിത്രത്തിൽ ജ്യോക്കോവിച്ച് അടയാളപ്പെടുത്തുക പോലും ചെയ്യും.