കോള്‍ട്ടര്‍ നൈലിന്റെ ബാറ്റിംഗില്‍ ടീമിനു എന്നും വിശ്വാസമുണ്ടായിരുന്നു

ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞ ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്തിനൊപ്പം നിന്ന് പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത് എട്ടാം നമ്പറില്‍ ക്രീസിലെത്തിയ നഥാന്‍ കോള്‍ട്ടര്‍ നൈല്‍ ആയിരുന്നു. 8 ഫോറും 4 സിക്സും സഹിതം 60 പന്തില്‍ നിന്ന് 92 റണ്‍സ് നേടി താരം ഇന്നാണ് തന്റെ ഏകദിനത്തിലെ ആദ്യ അര്‍ദ്ധ ശതകം നേടിയത്. എട്ട് റണ്‍സ് അകലെ തന്റെ കന്നി ശതകം നഷ്ടമായെങ്കിലും താരത്തിനു നിരാശയുണ്ടാകില്ല കാരണം തന്റെ ടീമിനെ ലോകകപ്പിലെ ഒരു പ്രധാന ജയം താനാണ് നേടിക്കൊടുത്തത്.

ടീമിനു എന്നും കോള്‍ട്ടര്‍-നൈലിന്റെ ബാറ്റിംഗില്‍ വിശ്വാസമുണ്ടായിരുന്നുവെന്നാണ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പറയുന്നത്. ഇന്നാണ് താരത്തിനു നീണ്ട സമയം ബാറ്റ് ചെയ്യുവാനുള്ള അവസരം ലഭിച്ചതെന്നും അത് താരം മുതലാക്കിയെന്നും ഓസ്ട്രേലിയന്‍ നായകന്‍ വ്യക്തമാക്കി. അടുത്തിടെ നടന്ന പല മത്സരങ്ങളിലും താരം ഇന്നിംഗ്സിന്റെ അവസാനത്തോടെ നിര്‍ണ്ണായക പ്രകടനങ്ങള്‍ ബാറ്റിംഗില്‍ പുറത്തെടുത്തിട്ടുണ്ട്. ടീമിനെ പലപ്പോഴും വിജയത്തിലേക്കോ തോല്‍വിയുടെ ആഘാതം കുറയ്ക്കുവാനോ ഈ ഇന്നിംഗ്സുകള്‍ ഉപകാരപ്പെട്ടിട്ടുണ്ട്.

 

Exit mobile version