കുറഞ്ഞ സ്കോര്‍ മാത്രം പിറന്ന മത്സരത്തില്‍ അഞ്ച് റണ്‍സിന്റെ വിജയം നേടി ജമൈക്ക തല്ലാവാസ്. ബാര്‍ബഡോസ് ട്രിഡന്റ്സിന്റെ ശ്രമങ്ങളെ അതിജീവിച്ച് തല്ലാവാസ് ജയം പിടിച്ചെടുക്കുകയായിരുന്നു. അവസാന ഓവറില്‍ വിജയത്തിനായി 15 റണ്‍സ് വേണ്ടിയിരുന്ന ബാര്‍ബഡോസിന് 9 റണ്‍സ് മാത്രമേ നേടാനായുള്ളു. ഡ്വെയിന്‍ സ്മിത്ത് എറിഞ്ഞ അവസാന ഓവറിലെ രണ്ടാം പന്തില്‍ സിക്സര്‍ പറത്തി റേയമണ്‍ റീഫര്‍ ബാര്‍ബഡോസ് ക്യാമ്പില്‍ പ്രതീക്ഷ പുലര്‍ത്തിയെങ്കിലും 26 റണ്‍സ് നേടിയ താരം രണ്ട് പന്തുകള്‍ക്കപ്പുറം പുറത്തായപ്പോള്‍ ജയത്തിനായി ബാര്‍ബഡോസ് രണ്ട് പന്തില്‍ 6 റണ്‍സ് നേടണമായിരുന്നു. നേപ്പാളിന്റെ സന്ദീപ് ലാമിച്ചാനെയ്ക്ക് കാര്യമായിട്ടൊന്നും ചെയ്യാനാകാതെ പോയപ്പോള്‍ ജമൈക്ക 5 റണ്‍സിന് വിജയം നേടി.
ആദ്യം ബാറ്റ് ചെയ്ത തല്ലാവാസ് നിരയില്‍ ഗ്ലെന്‍ ഫിലിപ്പ്സ് മാത്രമാണ് മികച്ച് നിന്നത്. 41 റണ്‍സ് നേടിയ താരവും വാലറ്റത്തില്‍ 27 റണ്‍സുമായി റമാല്‍ ലൂയിസും ചേര്‍ന്നാണ് ടീം സ്കോര്‍ 127ലേക്ക് എത്തിച്ചത്. 20 ഓവറില്‍ ടീം ഓള്‍ഔട്ടായപ്പോള്‍ ബാര്‍ബഡോസിന് വേണ്ടി ജേസണ്‍ ഹോള്‍ഡര്‍, സന്ദീപ് ലാമിച്ചാനെ, റേയമണ്‍ റീഫര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
ട്രിഡന്റ്സിന് വേണ്ടി ജോണ്‍സണ്‍ ചാള്‍സും റേയമണ്‍ റീഫറും (12 പന്തില്‍ 26 റണ്‍സ്) പൊരുതി നോക്കിയെങ്കിലും 9 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് മാത്രമേ ടീമിന് നേടാനായുള്ളു. ഇമ്രാന്‍ ഖാനും ഷമാര്‍ സ്പ്രിംഗറും മൂന്ന് വീതം വിക്കറ്റുമായി തല്ലാവാസ് നിരയില്‍ തിളക്കമാര്‍ന്ന ബൗളിംഗ് പ്രകടനം പുറത്തെടുത്തു.