തുടര്‍ച്ചയായ 11ാം തവണ സൈന നെഹ്‍വാലിനെ കീഴടക്കി തായി സു യിംഗ് ഡെന്മാര്‍ക്ക് ഓപ്പണ്‍ ചാമ്പ്യന്‍. മൂന്ന് ഗെയിം നീണ്ട മത്സരത്തിലാണ് ലോക ഒന്നാം നമ്പറും തായ്‍വാന്‍ താരവുമായ തായി സു യിംഗിന്റെ ജയം.21-13, 13-21, 21-6 എന്ന നിലയിലാണ് തായി സു യിംഗ് ഡെന്മാര്‍ക്ക് ഓപ്പണ്‍ കിരീടം ഉറപ്പാക്കിയത്. 52 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്.
ആദ്യ ഗെയിമില്‍ ഇടവേള സമയത്ത് 11-5നു മുന്നിലായിരുന്ന തായ‍്‍വാന്‍ താരം 21-13നു ഗെയിം സ്വന്തമാക്കുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം സൈന മൂന്ന് പോയിന്റ് തുടര്‍ച്ചയായി നേടിയെങ്കിലും സൈനയ്ക്ക് അവസരം നല്‍കാതെ തായി ഗെയിം സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ ശക്തമായ മുന്നേറ്റമാണ് സൈന നടത്തിയത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച സൈന ഇടവേള സമയത്ത് 11-5നു മുന്നിലായിരുന്നു. ഇടവേളയ്ക്ക് ശേഷം തായിയ്ക്ക് തിരിച്ചുവരവിനു അവസരം നല്‍കാതെ 17-9നു സൈന ലീഡ് ഉയര്‍ത്തി. തായി ആദ്യ ഗെയിം വിജയിച്ച 21-13 സ്കോര്‍ ലൈനില്‍ തന്നെയാണ് സൈനയും രണ്ടാം ഗെയിം വിജയിച്ചത്.
എന്നാല്‍ മൂന്നാം ഗെയിമില്‍ സൈന തന്റെ മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ ബുദ്ധിമുട്ടുന്നതാണ് കണ്ടത്. തായി ആദ്യ ഗെയിമിലേത് പോലെ ആധിപത്യമുറപ്പിച്ച് പകുതി സമയത്ത് 11- ന്റെ ലീഡ് കൈവശപ്പെടുത്തി. യാതൊരുവിധ ചെറുത്ത് നില്പും സൈനയില്‍ നിന്നുണ്ടാകാതെ വന്നപ്പോള്‍ ഗെയിമും മത്സരവും ലോക ഒന്നാം നമ്പര്‍ താരം 21-6 എന്ന സ്കോറിനു സ്വന്തമാക്കി.