198 റണ്‍സിനു ദക്ഷിണാഫ്രിക്കയെ ഓള്‍ഔട്ട് ആക്കിയ ശേഷം ലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‍വേയെ എറിഞ്ഞിട്ട് ഇമ്രാന്‍ താഹിര്‍. താഹിറും ഡെയില്‍ സ്റ്റെയിന്‍ തകര്‍ത്താടിയ മത്സരത്തില്‍ സിംബാബ്‍വേ ഇന്നിംഗ്സ് 78 റണ്‍സിനു 24 ഓവറില്‍ അവസാനിക്കുകയായിരുന്നു. 120 റണ്‍സ് ജയത്തോടെ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി.
ആദ്യ രണ്ട് വിക്കറ്റുകളും വീഴ്ത്തി ഡെയില്‍ സ്റ്റെയിന്‍ ഏകദിനത്തിലേക്കുള്ള തന്റെ മടങ്ങി വരവ് ആഘോഷമാക്കിയ ശേഷമാണ് ഇമ്രാന്‍ താഹിര്‍ സിംബാബ്‍വേയുടെ നടുവൊടിച്ചത്. 60 റണ്‍സ് നേടി ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിനെ മാന്യമായ സ്കോറിലേക്ക് സ്റ്റെയിന്‍ ആണ് നയിച്ചത്. ഇന്നിംഗ്സിലെ 18ാം ഓവറിലെ അവസാന പന്തില്‍ ഷോണ്‍ വില്യംസിനെ പുറത്താക്കിയ താഹിര്‍ 20ാം ഓവറിലെ ആദ്യ പന്തുകളില്‍ പീറ്റര്‍ മൂര്‍, ബ്രണ്ടന്‍ മാവുട്ട എന്നിവരെ പുറത്താക്കി തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കുകയായിരുന്നു.
അതേ ഓവറിലെ അഞ്ചാം പന്തില്‍ കൈല്‍ ജാര്‍വിസിനെ പുറത്താക്കിയ താഹിര്‍ തന്റെ അഞ്ചാം വിക്കറ്റും തികച്ചു. ഇന്നിംഗ്സിലെ അവസാന വിക്കറ്റായി ടെണ്ടായി ചടാരയെയും പുറത്താക്കി താഹിര്‍ തന്റെ ആറ് വിക്കറ്റ് നേട്ടം കൊയ്തു. ബ്രണ്ടന്‍ ടെയിലറായിരുന്നു താഹിറിന്റെ ഇന്നത്തെ ആദ്യ വിക്കറ്റ്.
27 റണ്‍സ് നേടിയ ഹാമിള്‍ട്ടണ്‍ മസകഡ്സയാണ് സിംബാബ്‍വേയുടെ ടോപ് സ്കോറര്‍. സ്റ്റെയിന്‍ രണ്ട് വിക്കറ്റും ലുംഗിസാനി ഗിഡി, ആന്‍ഡിലെ ഫെഹ്ലുക്വായോ എന്നിവര്‍ ഓരോ വിക്കറ്റും നേടി.