ഇന്റർ കോണ്ടിനെന്റൽ കപ്പിൽ അവസാനം ഇന്ത്യക്ക് ആശ്വസിക്കാൻ ആവുന്ന ഒരു ഫലം ലഭിച്ചു. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ സിറിയയെ നേരിട്ട ഇന്ത്യ സിറിയൻ ശക്തിയെ സമനിലയിൽ പിടിച്ചു. അവസാനം വഴങ്ങിയ പെനാൾട്ടി ഇല്ലായിരുന്നു എങ്കിൽ വിജയം തന്നെ ഇന്ത്യ സ്വന്തമാക്കിയേനെ. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്.
ഡിഫൻസിൽ ഉൾപ്പെടെ വലിയ മാറ്റങ്ങൾ വരുത്തി ആണ് സ്റ്റിമാച് ഇന്ന് ഇന്ത്യയെ ഇറക്കിയത്. അവസാന രണ്ട് മത്സരങ്ങളിൽ നിന്ന് മാറി മെച്ചപ്പെട്ട ഡിഫൻസീവ് പ്രകടനം ഇന്ന് ഇന്ത്യയിൽ നിന്ന് കണ്ടു. അവസരങ്ങൾ സൃഷ്ടിക്കുന്നത് കുറവായിരുന്നു എങ്കിലും കളി മികച്ച രീതിയിൽ നിയന്ത്രിക്കാൻ ഇന്ത്യക്ക് ആയി. രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ യുവ സെന്റർ ബാക്ക് നരേന്ദ്രർ ഘലോട്ട് ആണ് ഇന്ത്യയുടെ ഗോൾ നേടിയത്. ഒരു കോർണറിൽ നിന്ന് ബുള്ളറ്റ് ഹെഡറോടെ ആയിരുന്നു ഗലോട്ടിന്റെ ഗോൾ. ആ ഹെഡർ വിജയം ഉറപ്പിക്കും എന്ന് കരുതിയെങ്കിലും ജെറി വഴങ്ങിയ പെനാൾട്ടി ഇന്ത്യക്ക് വിനയായി.
ഈ സമനില സിറിയയുടെ ഫൈനൽ മോഹം തകർക്കുകയും ചെയ്തു. ഫൈനലിൽ ഡി പി ആർ കൊറിയയും താജികിസ്ഥാനുമാകും ഏറ്റുമുട്ടുക.