ഗ്രൂപ്പ് എ യിൽ വെയിൽസും സ്വിറ്റ്സർലാന്റും തമ്മിൽ ഏറ്റുമുട്ടിയ ആവേശകരമായ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. യൂറോപ്യൻ ഫുട്ബോളിലെ പരിചിത മുഖങ്ങളുമായാണ് സ്വിറ്റ്സർലാന്റും വെയിൽസും ഇറങ്ങിയത്. വേഗത മുതൽകൂട്ടായി ഉള്ളത് കൊണ്ട് തന്നെ വെയിൽസാണ് കളി മികച്ച രീതിയിൽ തുടങ്ങിയത്. വലതു വിങ്ങിൽ ക്യാപ്റ്റൻ ബെയ്ലും ഇടതു വിങ്ങിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം ഡാനിയൽ ജെയിംസുമായാണ് വെയിൽസ് ഇറങ്ങിയത്. ജെയിംസിന്റെ വേഗത തുടക്കത്തിൽ തന്നെ സ്വിസ്സ് ഡിഫൻസിന് പ്രശ്നമായി. 14ആം മിനുട്ടിൽ ജെയിംസിന്റെ ക്രോസിൽ നിന്നാണ് വെയിൽസിന്റെ ആദ്യ അവസരം വന്നത് കീഫർ മോറെയുടെ ഹെഡർ സോമർ പണിപ്പെട്ടാണ് തട്ടിയകറ്റിയത്.
19ആം മിനുറ്റിൽ സ്വിറ്റ്സർലാന്റിന്റെ ആദ്യ അവസരം വന്നു. ഷഖീരി എടുത്ത കോർണറിൽ നിന്ന് മനോഹരമായ ബാക്ക് ഫ്ലിക്കിലൂടെ സ്വിസ്സ് ഡിഫൻഡർ ഷാറിന്റെ ഗോൾ ശ്രമം വെയിൽസ് കീപ്പർ ഡാനി വാർഡിന്റെ ഇടപെടൽ കൊണ്ട് ഗോളായില്ല. പതിയെ സ്വിറ്റ്സർലാന്റ് കളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ തുടങ്ങി. 26ആം മിനുട്ടിൽ സെഫെറോവിചിലൂടെ വെയിൽസ് ആരാധകരെ നിശ്ബ്ദരാക്കിയ ഒരു ഷോട്ട് എടുക്കാനും സ്വിസ്സ് ടീമിനായി. പക്ഷെ ഗോൾ പിറന്നില്ല.
സെഫറോവിചിന് പിന്നെയും അവസരങ്ങൾ ലഭിച്ചു. പക്ഷെ സെഫറോവിചിന്റെ അടുത്ത കാലത്തായി ഗോൾ മുഖത്തുള്ള മോശം ഫോം ഇന്നും തുടരുന്നതാണ് കണ്ടത്. രണ്ടാം പകുതിയിലും സ്വിറ്റ്സർലാന്റ് തന്നെയാണ് അറ്റാക്ക് തുടർന്നത്. 49ആം മിനുട്ടിൽ അവസാനം സ്വിറ്റ്സർലാന്റ് ലീഡ് എടുത്തു. ഷഖീരി എടുത്ത ഒരു കോർണറിൽ നിന്ന് ഗ്ലാഡ്ബാചിന്റെ താരമായ എമ്പോളോ ആണ് സ്വിറ്റ്സർലാന്റിന് ലീഡ് നൽകിയത്. രാജ്യത്തിനായുള്ള താരത്തിന്റെ ആറാമത്തെ ഗോളായിരുന്നു ഇത്.
ലീഡ് എടുത്തതോടെ സ്വിറ്റ്സർലാന്റ് ഡിഫൻസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഇത് വെയിൽസിന് കൂടുതൽ അറ്റാക്ക് നടത്താൻ സഹായകരമായി. സ്വിസ്സ് ടീം ആകട്ടെ കൗണ്ടറുകൾ നടത്താനായി കാത്തിരിക്കുകയും ചെയ്തു. വെയിൽസിന്റെ തുടർ ആക്രമണങ്ങൾക്ക് അവസാനം 74ആം മിനുട്ടിൽ ഫലം ഉണ്ടായി. കീഫർ മോറെയുടെ ഹെഡർ ആണ് വെയിൽസിന് സമനില നൽകിയത്. ഒരു ഷോട്ട് കോർണറിൽ നിന്ന് മോറൽ നൽകിയ ക്രോസ് ആണ് സ്റ്റണ്ണിംഗ് ഹെഡറിലൂടെ മോറെ ലക്ഷ്യത്തിൽ എത്തിച്ചത്.
ഈ ഗോളോടെ മത്സരത്തിന്റെ അവസാന നിമിഷങ്ങൾ ആവേശകരമായി. 86ആം മിനുട്ടിൽ ഗാവ്രൊനൊവിചിന്റെ ഒരു മനോഹര വോളി സ്വിറ്റ്സർലാന്റിന് ലീഡ് നൽകി എന്ന് കരുതിയെങ്കിലും വി എ ആർ ആ ഗോൾ ഓഫ്സൈഡ് ആണെന്ന് വിധിച്ചു.
90ആം മിനുട്ടിൽ എമ്പോളോയുടെ ഹെഡർ ലക്ഷ്യത്തിൽ എത്തും മുമ്പ് വാർഡ് തടഞ്ഞു. കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച സ്വിറ്റ്സർലാന്റിന് തന്നെയാകും ഈ മത്സരം വിജയിക്കാമായിരുന്നു എന്ന നിരാശയുമായി കളം വിടുക. വെയിൽസ് നിരയിൽ ക്യാപ്റ്റൻ ബെയ്ല് നിറം മങ്ങിയപ്പോൾ മികച്ച സേവുകളുമായി അവരുടെ ഗോൾ കീപ്പർ ഡാനി വാർഡ് താരമായി മാറി.