സ്വിറ്റ്സർലാന്റ് പോരാട്ടം ഷൂട്ടൗട്ടിൽ അവസാനിച്ചു, സ്പെയിൻ യൂറോ കപ്പ് സെമി ഫൈനലിൽ

20210703 001807

സ്വിറ്റ്സർലാന്റിന്റെ പോരാട്ട വീര്യം പെനാൾട്ടി ഷൂട്ടൗട്ടിന്റെ നിർഭാഗ്യത്തിൽ അവസാനിച്ചു. ഇന്ന് പെനാൾട്ടി ഷൂട്ടൗട്ട് വരെയുള്ള പോരാട്ടത്തിനൊടുവിൽ സ്പെയിനാണ് സ്വിറ്റ്സർലാന്റിനെ പരാജയപ്പെടുത്തി കൊണ്ട് സെമി ഫൈനലിലേക്ക് മുന്നേറിയത്. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും 1-1 എന്ന നിലയിൽ അവസാനിച്ച കളി പെനാൾട്ടി ഷൂട്ടൗട്ടിൽ 3-1ന് സ്പെയിൻ സ്വന്തമാക്കുക ആയിരുന്നു. പത്തു പേരുമായി 40 മിനുട്ടുകളോളം കളിച്ചാണ് സ്വിറ്റ്സർലാന്റ് കളി പെനാൾട്ടി ഷൂട്ടൗട്ട് വരെ എത്തിച്ചത്.

ഇന്ന് റഷ്യയിൽ തുടക്കത്തിൽ തന്നെ സ്പെയിൻ ലീഡ് എടുക്കുന്നതാണ് കണ്ടത്. എട്ടാം മിനുട്ടിൽ സ്പെയിന് ലഭിച്ച ഒരു കോർണർ ബോക്സിന് പുറത്ത് നിൽക്കുന്ന ജോർദി ആൽബയിലേക്ക് എത്തി. ആൽബയുടെ ഷോട്ട് ബ്ലോക്ക് ചെയ്യാൻ ശ്രമിച്ച സ്വിറ്റ്സർലാന്റ് താരം സക്കറിയയുടെ കാലിൽ തട്ടി വലയിലേക്ക് പതിക്കുകയായിരുന്നു. സ്വിറ്റ്സർലാന്റ് ഗോൾ കീപ്പർ യാൻ സൊമ്മറിന് ഒരു ചാൻസും നൽകാതെ ആണ് പന്ത് വലയിൽ വീണത്.

ഇതിനു ശേഷം ആദ്യ പകുതി മുഴുവൻ കളി നിയന്ത്രിച്ചത് സ്പെയിൻ തന്നെ ആയിരുന്നു. എന്നാൽ സ്പെയിന് കാര്യമായ അവസരം ഒന്നും സൃഷ്ടിക്കാൻ ആയില്ല. സ്വിറ്റ്സർലാന്റിനാകട്ടെ അവരുടെ അറ്റാക്കിലെ പ്രധാന താരമായ എംബോളോയെ പരിക്ക് കാരണം ആദ്യ പകുതിയിൽ നഷ്ടമാവുകയും ചെയ്തു. ആദ്യ പകുതിയിൽ ഒരു ഷോട്ട് മാത്രമേ ഇരുടീമുകളിൽ നിന്നുമായി ടാർഗറ്റിലേക്ക് എത്തിയുള്ളൂ.

രണ്ടാം പകുതിയിൽ ഒൽമൊയെയും മൊറേനോയെയും ഇറക്കി സ്പെയിൻ അറ്റാക്ക് മെച്ചപ്പെടുത്തി. 56ആം മിനുട്ടിൽ റോഡ്രിഗസിന്റെ ഒരു കോർണറിൽ നിന്നുള്ള സകറിയയുടെ ഹെഡർ ഗോൾ പോസ്റ്റിന് അടുത്തു കൂടെയാണ് വെളിയിലേക്ക് പോയത്. 64ആം മിനുട്ടിൽ വലതു വിങ്ങിലൂടെ സ്വിറ്റ്സർലാന്റിന്റെ ഒരു മനോഹര അറ്റാക്ക് വന്നു. എന്നാൽ വാർഗസ് നൽകിയ പാസ് സുബെറിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. സ്വിറ്റ്സർലാന്റിന്റെ ആദ്യ ടാർഗറ്റിലേക്കുള്ള ഷോട്ടായിരുന്നു ഇത്.

ഈ അറ്റാക്കുകൾക്ക് പിന്നാലെ 68ആം മിനുട്ടിൽ സ്വിറ്റ്സർലാന്റിന്റെ സമനില ഗോൾ എത്തി. സ്പെയിൻ ഡിഫൻസിലെ പിഴവാണ് സ്വിറ്റ്സർലാന്റിന് ഗുണമായി മാറിയത്. ലപോർടയുടെ ക്ലിയറൻസ് പോ ടോറസിന്റെ കാലിൽ തട്ടി പെനാൾട്ടി ബോക്സിൽ വെച്ച് ഫ്രുലറിന്റെ കാലിലേക്ക് എത്തി. താരം അത് ഷഖീരിക്ക് കൈമാറി. ശഖീരി തന്റെ വലതു കാലു കൊണ്ട് ആ പന്ത് ഗോൾ വലയിലേക്ക് പാസ് ചെയ്തിട്ടു. ശഖീരിയുടെ ടൂർണമെന്റിലെ മൂന്നാം ഗോളായിരുന്നു ഇത്.

കളി ഒപ്പത്തിനൊപ്പം പോകുമ്പോൾ ആണ് 78ആം മിനുട്ടിൽ സ്വിസ്സ് താരം ഫ്രുലർ ചുവപ്പ് കണ്ട് പുറത്ത് പോകുന്നത്. മൊറേനോയെ ഫൗൾ ചെയ്തതിന് ആയിരുന്നു ചുവപ്പ് കാർഡ് വന്നത്. പത്തു പേരായി സ്വിസ്സ് ചുരുങ്ങിയതോടെ അവർ പ്രതിരോധത്തിലായി. എങ്കിലും അച്ചടക്കത്തോടെ കളിച്ച് മത്സരം എക്സ്ട്രാ ടൈമിലേക്ക് എത്തിക്കാം സ്വിറ്റ്സർലാന്റിനായി.

എക്സ്ട്രാ ടൈമിൽ 92ആം മിനുട്ടിൽ ജെറാദ് മൊറേനോയ്ക്ക് വലിയ അവസരം തന്നെ കിട്ടി. ജോർദി ആൽബയുടെ ക്രോസ് പക്ഷെ താരത്തിന് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. 96ആം മിനുട്ടിൽ ജോർദി ആൽബയുടെ ഒരു ഷോട്ട് സോമ്മർ സമർത്ഥമായി തട്ടി ബാറിന് മുകളിലൂടെ പുറത്തേക്ക് അയച്ചു. 101ആം മിനുട്ടിൽ സൊമ്മറിന്റെ ഒരു പോയിന്റ് ബ്ലാങ്ക് സേവും കാണാനായി. ഗോൾ മുഖത്തിന് തൊട്ടു മുമ്പ് വെച്ച് മൊറേനോ എടുത്ത ഷോട്ട് ഉയർന്ന് ചാടി സൊമ്മർ തടയുക ആയിരുന്നു.

സൊമ്മറിന്റെ മികവ് അവിടെ തീർന്നില്ല. 104ആം മിനുറ്റിൽ ഒയർസബാലിന്റെ ഇടം കാലൻ ഷോട്ടും ലോകോത്തര സേവിലൂടെ സോമ്മർ രക്ഷപ്പെടുത്തി. ഇതിനു പിന്നാലെ എക്സ്ട്രാ ടൈമിലെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പ് വീണ്ടും ഒരു ഒയർസബാൽ ഷോട്ട് സൊമ്മർ തടുത്തു. താരത്തിന്റെ കളിയിലെ ഏഴാം സേവായിരുന്നു അത്.

11ആം മിനുട്ടിൽ ഡാനി ഓൽമോയുടെ ഷോട്ടിൽ നിന്ന് യാൻ സൊമ്മറിന്റെ എട്ടാം സേവും വന്നു. സ്പെയിൻ തുടർ ആക്രമണങ്ങൾ തുടർന്നു എങ്കിലും സ്വിറ്റ്സർലാന്റ് ഡിഫംസിനെയും സോമ്മറിനെയും കീഴ്പ്പെടുത്താ അവർക്ക് ആയില്ല. 120 മിനുട്ട് കഴിയുമ്പോഴേക്ക് 10 സേവുകളാണ് സൊമ്മർ നടത്തിയത്. ഈ ടൂർണമെന്റിലെ ഒരു ഗോൾ കീപ്പറുടെ ഏറ്റവും മികച്ച പ്രകടനം. സോമ്മറിന്റെ മികവ് തന്നെയാണ് കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് എത്തിച്ചത്.

സ്പെയിന് ഷൂട്ടൗട്ടിൽ തുടക്കം തന്നെ പാളി. ക്യാപ്റ്റൻ ബുസ്കെറ്റ്സിന്റെ ആദ്യ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ഗവ്രനോവിച് സ്വിസ്സിനായും ഡാനി ഒൽമൊ പിന്നാലെ സ്പെയിനായും പന്ത് വലയിൽ എത്തിച്ചു. എന്നാൽ പിന്നാലെ കിക്ക് എടുത്ത സ്വിസ്സിന്റെ ഷാറിന് പിഴച്ചു. സ്പെയിൻ ആശ്വസിച്ചു എങ്കിലും അടുത്ത കിക്ക് എടുത്ത റോഡിക്ക് പിഴച്ചു. ഗംഭീര സേവിലൂടെയാണ് സോമ്മർ ആ പെനാൾട്ടി തടഞ്ഞത്. അടുത്ത കിക്ക് എടുത്ത അകെഞ്ജിയുടെ കിക്ക് ഉനായ് സിമൊണും പെനാൾട്ടി തടഞ്ഞു. 3 കിക്ക് കഴിഞ്ഞപ്പോൾ ഷൂട്ടൗട്ടിൽ സ്കോർ 1-1.

നാലാം സ്പെയിൻ കിക്ക് എടുത്ത മൊറേനോ മനോഹരമായി ടോപ് കോർണറിൽ പന്ത് വലയിൽ എത്തിച്ചു. വാർഗാസ് എടുത്ത് കിക്ക് ആകാശത്തേക്കും പോയി. ഇതോടെ അഞ്ചാം കിക്ക് എടുത്ത ഒയർസബാലിന്റെ കിക്ക് വലയിൽ എത്തിയാൽ സ്പെയിൻ സെമിയിലേക്ക് എത്തും എന്ന നിലയായി. ഒയർസബാലിന് പിഴച്ചില്ല. സ്പെയിൻ വെംബ്ലിയിലേക്ക് സെമിക്ക് വേണ്ടി മാർച്ച് ചെയ്തു.

സെമി ഫൈനലിൽ ഇറ്റലിയോ ബെൽജിയമോ ആകും സ്പെയിന്റെ എതിരാളികൾ.

Previous articleആൻഡ്രെ സിൽവ ഇനി ലൈപ്സിഗിൽ
Next article“യാ സൊമ്മർ!!” മറക്കില്ല ഈ സ്വിസ്സ് മതിൽ