ഏഴാം പ്രീക്വാർട്ടർ പോരാട്ടത്തിൽ സ്വിറ്റ്സർലൻഡിനെ മറികടന്ന് സ്വീഡൻ ക്വാർട്ടർ പോരാട്ടങ്ങളിലേക്ക്. നിശ്ചിത സമയത്ത് ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വീഡൻ വിജയിച്ചു കയറിയത്. സ്വീഡന് വേണ്ടി എമിൽ ഫോഴ്സ്‌ബെർഗ് ആണ് ഗോൾ നേടിയത്.
കാര്യമായ മുന്നേറ്റങ്ങൾ ഒന്നും ഇല്ലാതെയാണ് ആദ്യ പകുതി അവസാനിച്ചത്. സ്വീഡൻ തങ്ങളുടെ പ്രതിരോധം ശക്തമാക്കിയപ്പോൾ ബോൾ ഭൂരിഭാഗം സമയവും സ്വിറ്റ്‌സർലൻഡിന്റെ കൈയിൽ ആയിരുന്നു. 30ആം മിനിട്ടിൽ ആണ് ആദ്യ പകുതിയിലെ മികച്ച നീക്കം പിറന്നത്. ഫോസ്‌ബെർഗിന്റെ ഒരു ക്രോസ് ബെർഗ് ഗോളിലേക്ക് തിരിച്ചു വിട്ടെങ്കിലും ഗോൾ കീപ്പർ സോമർ അതിവിദഗ്ധമായി തടഞ്ഞിട്ടതോടെ ആദ്യ പകുതി സമനിലയിൽ തുടർന്നു.
വിരസമായ ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ ഏക ഗോൾ പിറന്നത്. 66ആം മിനിറ്റിൽ എമിൽ ഫോഴ്‌സ്‌ബർഗിന്റെ ഷോട്ട് സ്വിസ്സ് ഡിഫൻഡർ അകഞ്ചിയുടെ കാലിൽ തട്ടി വലയിൽ കയറുകയായിരുന്നു. മത്സരത്തിന്റെ അവസാനം ഗോൾ നേടാൻ സ്വിസ് താരങ്ങൾ സ്വീഡന്റെ ബോക്സിലേക്ക് ഇരച്ചു കയറി എങ്കിലും ഗോൾ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതോടെ വിജയം സ്വീഡന്റെ കൂടെയായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
