ഐപിഎല്‍ ഒന്നാം ക്വാളിഫയറില്‍ മുംബൈയ്ക്ക് ജയം. ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈയെ 131 റണ്‍സില്‍ ഒതുക്കിയ മുംബൈ ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍ 18.3 ഓവറില്‍ മറികടക്കുകയായിരുന്നു. തുടക്കം മോശമായിരുന്നുവെങ്കിലും മൂന്നാം വിക്കറ്റില്‍ 80 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് പുറത്തെടുത്ത സൂര്യകുമാര്‍ യാദവ്-ഇഷാന്‍ കിഷന്‍ കൂട്ടുകെട്ടാണ് മുംബൈയുടെ വിജയത്തിനു അടിത്തറ പാകിയത്.
28 റണ്‍സ് നേടിയ ഇഷാന്‍ കിഷനെയും ക്രുണാല്‍ പാണ്ഡ്യയെയും അടുത്തടുത്ത പന്തുകളില്‍ ഇമ്രാന്‍ താഹിര്‍ പുറത്താക്കിയെങ്കിലും ലക്ഷ്യം വളരെ ചെറുതായിരുന്നതിനാല്‍ അധികം ബുദ്ധിമുട്ടില്ലാതെ മുംബൈ നേടുകയായിരുന്നു. ഇമ്രാന്‍ താഹിറിനാണ് ഈ രണ്ട് വിക്കറ്റുകളും ലഭിച്ചത്. വിജയ സമയത്ത് 71 റണ്‍സ് നേടിയ സൂര്യകുമാറും 13 റണ്‍സുമായി ഹാര്‍ദ്ദിക് പാണ്ഡ്യയുമായിരുന്നു ക്രീസില്‍.
54 പന്തില്‍ നിന്ന് 10 ബൗണ്ടറിയുടെ സഹായത്തോടെയാണ് സൂര്യകുമാര്‍ യാദവിന്റെ 71 റണ്‍സ്. ചെന്നൈയ്ക്ക് വേണ്ടി താഹിറിന്റെ രണ്ട് വിക്കറ്റിനു പുറമെ ദീപക് ചഹാറും ഹര്‍ഭജന്‍ സിംഗും ഓരോ വിക്കറ്റ് വീതം നേടി. വിക്കറ്റ് ലഭിച്ചില്ലെങ്കിലും രവീന്ദ്ര ജഡേജ തന്റെ നാലോവറില്‍ വെറും 18 റണ്‍സ് മാത്രമാണ് വിട്ട് നല്‍കിയത്.