ഡ്യൂറണ്ട് കപ്പിൽ ഇന്ന് ബെംഗളൂരു എഫ് സിയെ രക്ഷിച്ചത് മലയാളി താരമായ ലിയോൺ അഗസ്റ്റിൻ ആയിരുന്നു. ഇന്ന് ഇന്ത്യൻ നേവിക്ക് എതിരെ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഇറങ്ങിയ ബെംഗളൂരു എഫ് സി ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് പിറകിലായിരുന്നു. അവിടുന്ന പൊരുതി 5-3ന്റെ വിജയം സ്വന്തമാക്കി. സബ്ബായി എത്തിയ ഗംഭീര പ്രകടനം നടത്തിയ ലിയോൺ ഇന്ന് ബെംഗളൂരുവിന്റ് താരമായി മാറി.
ആദ്യ പകുതിയിൽ മലയാളി താരങ്ങളായ ജിജോയും ശ്രേയസും ആയിരുന്നു നേവിക്ക് 2-0ന്റെ ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ ലിയോൺ എത്തി 52ആം മിനുട്ടിൽ പന്ത് വലയിൽ എത്തിച്ച് ബെംഗളൂരുവിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. 60ആം മിനുട്ടിൽ സമനില നേടിയ ഹർമൻപ്രീതിന്റെ ഗോൾ ഒരുക്കിയതും ലിയോൺ ആയിരുന്നു. 73ആം മിനുട്ടിൽ അജയ് ഛേത്രിയുടെ പെനാൾട്ടി ഗോൾ ബെംഗളൂരുവിനെ 3-2ന് മുന്നിൽ എത്തിച്ചു.
അതിനു ശേഷം ഹർമൻപ്രീതും തോയ് സിംഗും ബെംഗളൂരുവിനായി ഗോൾ അടിച്ചു 5-3ന്റെ ജയം ഉറപ്പിച്ചു. ഈ വിജയത്തോടെ 7 പോയിന്റുമായി ബെംഗളൂരു എഫ് സി ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിൽ എത്തി. 4 പോയിന്റുള്ള ഡെൽഹിയാണ് ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്തത്.