ചളി പറ്റിയത് മാത്രം മെച്ചം, ഡെൽഹിയോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിൽ നിന്ന് പുറത്ത്

Img 20210921 155754

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഡ്യൂറണ്ട് കപ്പ് നിരാശയിൽ അവസാനിച്ചു. ഇന്ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ ഡെൽഹി എഫ് സിയോട് പരാജയപ്പെട്ടതോടെ ആണ് കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ കാണാതെ പുറത്തായത്. ഇന്ന് ഗ്രൗണ്ടിന്റെ മോശം അവസ്ഥ കേരള ബ്ലാസ്റ്റേഴ്സിന്റെ പരാജയത്തിന് കാരണമായി. പിച്ച് നിറയെ ചളി ആയതിനാൽ ഇരു ടീമുകൾക്കും കളിയിൽ താളം കണ്ടെത്താൻ ആയിരുന്നില്ല. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ഡെൽഹിയുടെ വിജയം. മറ്റൊരു മത്സരത്തിൽ ഇന്ത്യൻ നേവിയെ ബെംഗളൂരു എഫ് സി പരാജയപ്പെടുത്തിയതിനാൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു സമനില മതി ആയിരുന്നു ക്വാർട്ടറിൽ എത്താൻ. എന്നാൽ അത് പോലും നേടാൻ കേരള ബ്ലാസ്റ്റേഴ്സിനായില്ല.

ഇന്ന് ചുവപ്പ് കാർഡ് കാരണം മൂന്ന് പ്രധാന താരങ്ങൾ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. നല്ല അവസരങ്ങൾ ഒരുപാട് സൃഷ്ടിച്ചു എങ്കിലും ഗോൾ നേടാൻ ബ്ലാസ്റ്റേഴ്സിനായില്ല. രണ്ടാം പകുതിയിൽ വിദേശ താരം വില്ലിസ് പ്ലാസ ആണ് ഡെൽഹിക്ക് ലീഡ് നൽകിയത്. ചളി നിറഞ്ഞ പെനാൾട്ടി ബോക്സിൽ കേരള ഡിഫൻഡേഴ്സ് വഴുതി വീണ അവസരം മുതലെടുത്ത് പ്ലാസ് ഫിനിഷ് ചെയ്യുക ആയിരുന്നു.

മറുവശത്ത് ചെഞ്ചോയ്ക്കും സഹലിനും രാഹുലിനും ഒക്കെ സുവർണ്ണാവസരങ്ങൾ ലഭിച്ചു എങ്കിലും ഫലം ഉണ്ടായില്ല. 88ആം മുനുട്ടിൽ രാഹുലിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിയാണ് മടങ്ങിയത്.95ആം മിനുട്ടിൽ വിൻസി ബെരെറ്റോയുടെ ഷോട്ടും ബാറിൽ തട്ടു മടങ്ങിയപ്പോൾ ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ ദിവസമല്ല എന്ന് ഉറപ്പായി.

കേരള ബ്ലാസ്റ്റേഴ്സിന് മൂന്ന് മത്സരങ്ങളിൽ നിന്ന് ആകെ മൂന്ന് പോയിന്റ് ആണ് നേടാൻ ആയത്. 7 പോയിന്റുമായി ബെംഗളൂരുവും 4 പോയിന്റുമായി ഡെൽഹിയും ഗ്രൂപ്പ് സിയിൽ നിന്ന് ക്വാർട്ടറിലേക്ക് കടന്നു.

Previous articleസംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഒക്ടോബറിൽ എറണാകുളത്ത്
Next articleസൂപ്പർ സബ്ബായി മലയാളി താരം ലിയോൺ അഗസ്റ്റിൻ, ഗോളും അസിസ്റ്റുമായി ബെംഗളൂരുവിനെ രക്ഷിച്ചു