പകരം വീട്ടി ഇന്ത്യ, ജപ്പാനെതിരെ വിജയം

Sports Correspondent

ഏഷ്യ കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ തോല്‍വിയ്ക്ക് സൂപ്പര്‍ 4ൽ പകരം വീട്ടി ഇന്ത്യ. ജപ്പാനെ 2-1 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ 2-5 എന്ന സ്കോറിന് പരാജയം ഏറ്റുവാങ്ങിയിരുന്നു. മത്സരത്തിലെ ഏഴാം മിനുട്ടിൽ മഞ്ജീത്ത് ഇന്ത്യയെ മുന്നിലെത്തിച്ചപ്പോള്‍ 17ാം മിനുട്ടിൽ ടാകുമ നിവ സമനില ഗോള്‍ കണ്ടെത്തി.

പകുതി സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞപ്പോള്‍ മൂന്നാം ക്വാര്‍ട്ടറിൽ പവന്‍ രാജ്ഭര്‍ ഇന്ത്യയെ മുന്നിലെത്തിച്ചു. പിന്നീട് മത്സരത്തിൽ ആരും ഗോള്‍ നേടാതിരുന്നപ്പോള്‍ ഇന്ത്യയ്ക്ക് വിജയം കരസ്ഥമാക്കാനായി. നിലവിലെ ഏഷ്യ കപ്പ് ചാമ്പ്യന്മാരാണ് ജപ്പാന്‍.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ കൊറിയയും മലേഷ്യയും 2-2 എന്ന സ്കോറിന് സമനിലയിൽ പിരിഞ്ഞു.