ഇന്ത്യൻ ഫുട്ബോളിലെ റെക്കോർഡുകൾ ഒരോന്നായി സ്വന്തമാക്കി മുന്നേറുന്ന ഛേത്രി ഇന്ന് മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ന് കുറാസാവോയ്ക്ക് എതിരെ ആദ്യ ഇലവനിൽ ഇടം പിടിച്ചതോടെ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരം കളിച്ച താരമായി ഛേത്രി മാറി. ഇന്ത്യൻ ക്യാപ്റ്റന്റെ 108ആം മത്സരമാണ് ഇന്നത്തേത്. മുൻ ക്യാപ്റ്റൻ ബൂട്ടിയയുടെ റെക്കോർഡാണ് ഛേത്രി മറികടന്നത്. 107 മത്സരങ്ങൾ ഇന്ത്യക്കായി ബൂട്ടിയ കളിച്ചിട്ടുണ്ട്.
2005ൽ പാകിസ്ഥാനെതിരെ നടന്ന മത്സരത്തിൽ അരങ്ങേറിയ ഛേത്രി ഇപ്പോൾ ഇന്ത്യയുടെ ടോപ് സ്കോറർ കൂടിയാണ്. 108 മത്സരങ്ങളിൽ നിന്നായി 67 ഗോളുകൾ ഛേത്രി ഇന്ത്യക്ലായി നേടിയിട്ടുണ്ട്. നാൽപ്പതിൽ അധികം രാജ്യങ്ങൾക്കെതിരെ ഛേത്രി ഇന്ത്യൻ ജേഴ്സി അണിഞ്ഞ് കളിച്ചു. അതിൽ 25ൽ അധികം രാജ്യങ്ങൾക്ക് എതിരെയും ഛേത്രി ഗോളും കണ്ടെത്തി. നേപ്പാളിനെതിരെ ആണ് ഛേത്രി കൂടുതൽ മത്സരങ്ങൾ കളിച്ചത്. 8 മത്സരങ്ങൾ. ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചത് മാൽഡീവ്സിനും തായ്വാനും എതിരെയും. ഇരു രാജ്യങ്ങൾക്ക് എതിരായും 6 ഗോളുകൾ വീതം ഛേത്രി നേടിയിട്ടുണ്ട്.