കവരത്തി : 17 വയസ്സിന് താഴെയുള്ളവരുടെ ലക്ഷദ്വീപ് സുബ്രതോ മുഖർജി യോഗ്യത മത്സരങ്ങളിൽ വലിയകര ഗ്രൂപ്പിൽ നിന്നു ഗ്രൂപ്പ് ജേതാക്കൾ ആയി ആന്ത്രോത്ത് എം.ജി.എസ്.എസ് സ്‌കൂൾ സെമിഫൈനലിൽ പ്രവേശിച്ചു. ഇന്ന് നടന്ന മത്സരത്തിൽ അഗത്തിയെ ഒന്നിനെതിരെ 2 ഗോളുകൾക്ക് തോൽപ്പിച്ചതോടെയാണ് ആന്ത്രോത്ത് സെമിഫൈനൽ ഉറപ്പിച്ചത്. കളിച്ച 4 കളികളിൽ മൂന്നിലും ജയം കണ്ട അവർ ഒരു മത്സരത്തിൽ സമനിലയും വഴങ്ങി. കളി തുടങ്ങി രണ്ടാം മിനിറ്റിൽ തന്നെ നിഹാലിലൂടെ മുന്നിലെത്തിയ ആന്ത്രോത്തിനു മത്സരത്തിൽ നല്ല തുടക്കമാണ് ലഭിച്ചത്.
എന്നാൽ 19 മിനിറ്റിൽ പെനാൽട്ടിയിലൂടെ അഹ്മദ് ഷാക്കിർ അഗത്തിക്കായി ഗോൾ മടക്കി. എന്നാൽ 39 മിനിറ്റിൽ ജലാലുദ്ദീനിലൂടെ വിജയഗോൾ കണ്ടത്തിയ ആന്ത്രോത്ത് സെമിയിലേക്ക് മാർച്ച് ചെയ്തു. പരാജയത്തോടെ അഗത്തിയുടെ സെമിഫൈനൽ സാധ്യതകൾ ഏതാണ്ട് അവസാനിച്ചു. നാളത്തെ മത്സരത്തിൽ ചെത്ത്ലത്തിനെതിരെ കട്മത്ത് തോൽക്കുകയും അഗത്തി കിൽത്താനെ വലിയ മാർജിനിൽ തോൽപ്പിക്കുകയും ചെയ്താലെ അവർക്ക് എന്തെങ്കിലും സാധ്യതയുള്ളു.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ചെത്ത്‌ലത്ത് കിൽത്താൻ മത്സരം 2-2 നു സമനിലയിൽ പിരിഞ്ഞു. ഇതോടെ ഇരുടീമുകളും ടൂർണമെന്റിൽ നിന്നു പുറത്തായി. സിയാബുൽ ഹഖ് കെ.എമ്മിലൂടെ 14 മിനിറ്റിൽ ചെത്ത്ലത്ത് ആണ് മത്സരത്തിൽ മുന്നിലെത്തിയത് എന്നാൽ 24 മിനിറ്റിൽ മുഹമ്മദ് ജലാലുദ്ദീൻ കിൽത്താനെ ഓപ്പമെത്തിച്ചു. തുടർന്ന് 37 മിനിറ്റിൽ മുഷ്താഖ് അഹ്മദിലൂടെ വീണ്ടും മുന്നിലെത്തിയ ചെത്ത്ലത്തിനെ 43 മിനിറ്റിൽ മത്സരത്തിൽ തന്റെ രണ്ടാം ഗോളിലൂടെ മുഹമ്മദ് ജലാലുദ്ദീൻ സമനിലയിൽ തളച്ചു. രണ്ടാം പകുതിയിൽ ഗോൾ ഒന്നും പിറക്കാതിരുന്നപ്പോൾ ഇരു ടീമുകളും പോയിന്റുകൾ പങ്കിട്ടു. നാളെ വലിയകര ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരെ നിർണയിക്കാൻ കട്മത്ത് ചെത്ത്‌ലത്തിനെതിരെ ഇറങ്ങുമ്പോൾ ഭാഗ്യവും അത്ഭുതവും പ്രതീക്ഷിച്ച് അഗത്തി കിൽത്താനെ നേരിടും. അതേസമയം നാളത്തെ ആദ്യമത്സരത്തിൽ ചെറിയകര ഗ്രൂപ്പിലെ തങ്ങളുടെ സമഗ്രാധിപത്യം തുടരാൻ കവരത്തി കൽപ്പേനിയെ നേരിടും.