നഷ്ടം ബാഴ്സലോണക്ക് മാത്രം, അത്ലറ്റിക്കോ അരങ്ങേറ്റതിൽ ആറാടി സുവാരസ്!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സുവാരസിനെ ഒഴിവാക്കിയതിൽ നഷ്ടം ബാഴ്സലോണക്ക് മാത്രം. സുവാരസിനെ സൈൻ ചെയ്ത അത്ലറ്റിക്കോ മാഡ്രിഡിന് അരങ്ങേറ്റത്തിൽ തന്നെ അവർക്ക് ലഭിച്ചത് എത്ര മികച്ച താരത്തെ ആണെന്ന് മനസ്സിലായിക്കാണും. ഇന്ന് അത്ലറ്റിക്കോ മാഡ്രിഡിനായി സബ്ബായി ഇറങ്ങിയ സുവാരസ് അവസാന ഇരുപത് മിനുട്ട് മാത്രമാണ് കളിച്ചത്. ആ ചെറിയ സമയം കൊണ്ട് രണ്ടു ഗോളുകളും ഒരു അസിസ്റ്റുമാണ് സുവാരസ് നേടിയത്. അത്ലറ്റിക്കോ മാഡ്രിഡ് ആറു ഗോളുകളാണ് ഇന്ന് ആകെ അടിച്ചത്. ഗ്രനാഡയെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് തോൽപ്പിക്കുകയും ചെയ്തു.

മത്സരത്തിൽ സുവാരസിനെ ബെഞ്ചിൽ നിർത്തിയാണ് സിമിയോണി ഇന്ന് അത്ലറ്റിക്കോയെ ഇറങ്ങിയത്. ഒമ്പതാം മിനുട്ടിൽ തന്നെ ലീഡ് എടുക്കാൻ അത്ലറ്റിക്കോയ്ക്ക് ആയി. കോസ്റ്റയായിരുന്നു ആദ്യ ഗോൾ നേടിയത്. പിന്നാലെ 16ആം മിനുട്ടിൽ ലീഡ് ഇരട്ടിയാക്കാൻ അത്ലറ്റിക്കോയ്ക്ക് അവസരം ലഭിച്ചു എങ്കിലും സോൾ എടുത്ത പെനാട്ടി ലക്ഷ്യത്തിൽ എത്തിയില്ല. രണ്ടാം പകുതിയിലാണ് ബാക്കി ഗോളുകൾ ഒക്കെ പിറന്നത്.

47ആം മിനുട്ടിൽ കൊറേയയും 65ആം മിനുട്ടിൽ ജാവോ ഫെലിക്സും ഗോളുകൾ നേടിയതോടെ അത്ലറ്റിക്കോ മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തി. പിന്നെ ആയിരുന്നു സുവാരസ് എത്തിയത്. വന്ന് രണ്ട് മിനുട്ടുകൾക്ക് അകം സുവാരസ് ഒരു അസിസ്റ്റ് നൽകി. യൊറെന്റെയ്ക്കായിരുന്നു സുവാരസിന്റെ പാസിൽ ഗോൾ നേടാൻ ആയത്. പിന്നീട് 85ആം മിനുട്ടിലും 92ആം മിനുട്ടിലും ഗോൾ നേടിക്കൊണ്ട് സുവാരസ് താൻ അങ്ങനെ ഒഴിവാക്ക പെടേണ്ട താരമല്ല എന്ന് ഫുട്ബോൾ ലോകത്തെ ഓർമ്മിപ്പിച്ചു. ഗോളടിക്കാൻ മടി കാണിക്കുന്ന സിമിയോണിയുടെ ടീമാണ് സുവാരസിന്റെ ആദ്യ മത്സരത്തിൽ തന്നെ ആറു ഗോളുകൾ അടിച്ചത് എന്നത് ശ്രദ്ധേയമാണ്. മൊളീനയാണ് ഗ്രാനഡയുടെ ആശ്വാസ ഗോൾ നേടിയത്.