ഇന്ത്യൻ പരിശീലകനായി ഇഗോർ സ്റ്റിമാച് തുടരും. സ്റ്റിമാചിന് പുതിയ കരാർ നൽകാൻ എ ഐ എഫ് എഫ് തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ വരുന്നത്. 2019ൽ ഇന്ത്യൻ പരിശീലകനായി എത്തിയ സ്റ്റിമാചിന് ഇതുവരെ ഇന്ത്യയെ ഒരു സ്ഥിരതയുള്ള ടീമാക്കി മാറ്റാൻ ആയിട്ടില്ല. എന്നാലും ഏഷ്യൻ കപ്പ് യോഗ്യത റൗണ്ട് കഴിയുന്നത് വരെ അദ്ദേഹത്തെ തന്നെ നിലനിർത്താൻ ആണ് എ ഐ എഫ് എഫ് ആലോചിക്കുന്നത്.
ഏഷ്യൻ കപ്പ് മൂന്നാം റൗണ്ട് യോഗ്യതയും കടന്ന ഏഷ്യൻ കപ്പിന് തന്നെ യോഗ്യത നേടുകയാണെങ്കിൽ അതു കഴിയുന്നത് വരെ കരാർ നീട്ടി നൽകും. ഇതുവരെ 15 മത്സരങ്ങളിൽ ഇന്ത്യയെ പരിശീലിപ്പിച്ച സ്റ്റിമാച് ആകെ വിജയിച്ചത് ആകെ രണ്ടു മത്സരങ്ങൾ ആണ്. വിജയ ശതമാനം 14നും താഴെ. എന്നാൽ ഏതു പരിശീലകൻ വന്നാലും ഇന്ത്യൻ ടീമിനെ വെച്ച് പെട്ടെന്ന് അത്ഭുതങ്ങൾ കാണിക്കാൻ ആകില്ല എന്ന് എ ഐ എഫ് എഫ് കരുതുന്നു. അതുകൊണ്ട് സ്റ്റിമാചിന് കൂടുതൽ സമയം നൽകുന്നതാകും നല്ലത് എന്നും എ ഐ എഫ് എഫ് കരുതുന്നു.
കോൺസ്റ്റന്റൈൻ രാജിവെച്ചതിനു പിന്നാലെ ആയിരുന്നു സ്റ്റിമാച് ഇന്ത്യൻ പരിശീലകനായത്. മുമ്പ് ക്രൊയേഷ്യൻ രാജ്യാന്തര ടീമിനെ പരിശീലിപ്പിച്ചിട്ടുള്ള കോച്ചാണ് സ്റ്റിമാച്. ഇറാനിയൻ ക്ലബായ സെപഹൻ, ക്രൊയേഷ്യൻ ക്ലബായ സദർ, സഗ്രെബ് എന്നീ ക്ലബുകളുടെയും പരിശീലകനായിട്ടുണ്ട്.