പുതിയ പരിശീലകൻ സ്റ്റിമാചിന്റെ കീഴിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് ആദ്യ വിജയം. ഇന്ന് കിംഗ്സ് കപ്പിൽ നടന്ന മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ആതിഥേയരായ തായ്ലാന്റിനെ ആണ് ഇന്ത്യ തോൽപ്പിച്ചത്. സുനിൽ ഛേത്രി ഉൾപ്പെടെ പ്രമുഖ താരങ്ങളെയെല്ലാൻ പുറത്തിരുത്തി കൊണ്ട് കളിച്ച ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യ വിജയിച്ചത്.
കുറാസാവോയോട് കളിച്ച ടീമിൽ നിന്ന് 8 മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ഛേത്രിക്ക് പുറമെ സഹൽ, ഉദാന്ത, ഗുർപ്രീത് എന്നിവരൊന്നുൻ ഇന്ന് ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. ആദ്യ പകുതിയിൽ അനിരുദ്ധ് താപയിലൂടെ ആയിരുന്നു ഇന്ത്യ ലീഡ് നേടിയത്. ആദിൽ ഖാന്റെ ഒരു ഇടം കാലൻ ക്രോസ് ടാപിൻ ചെയ്തായിരുന്നു അനിരുദ്ധ് താപ ഇന്ത്യയെ മുന്നിൽ എത്തിച്ചത്.
കുറാസാവോയ്ക്ക് എതിരെ രണ്ടാം പകുതിയിൽ കണ്ട താളം ഇന്ന് ഇന്ത്യയുടെ കളിയിൽ കണ്ടില്ല എങ്കിലും നിരവധി അവസരങ്ങൾ ഇന്ത്യ സൃഷ്ടിച്ചു. പക്ഷെ അവസരം മുതലാക്കാൻ മുൻ നിരയിൽ കളിച്ച ബല്വന്തിനോ മന്വീറിനോ ആയില്ല. ആദിൽ ഖാൻ, അനിരുദ്ധ് താപ എന്നിവർ ഗംഭീര പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്. കളിയുടെ അവസാന നിമിഷങ്ങളിൽ പകരക്കാരനായി എത്തിയ സഹലും നല്ല പ്രകടനം കാഴ്ചവെച്ചു. തായ്ലാന്റ് ആണ് കൂടുതൽ അവസരങ്ങൾ കളിയിൽ സൃഷ്ടിച്ചത് എങ്കിലും ഇന്ത്യൻ ഡിഫൻസിനെ ഭേദിച്ച് ഗോൾ നേടാൻ അവർക്കായില്ല.