സ്റ്റീഫൻ സ്മിത്ത് 1 വർഷമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല അത്ര, ശരിക്കും ആദ്യ ടെസ്റ്റിൽ സ്മിത്ത് ബാറ്റ് ചെയ്തത് കണ്ട ആരാണ് വിശ്വസിക്കുക ഈ മനുഷ്യൻ ഒരു കൊല്ലം മൊത്തം ടെസ്റ്റിൽ ബാറ്റ് എടുത്തില്ലെന്നു. ആരാണ് വിശ്വസിക്കുക കരഞ്ഞു കളം വിട്ട ആ ഓസ്‌ട്രേലിയൻ നായകൻ ഇങ്ങനെ തിരിച്ച് വരുമെന്ന്. മനകരുത്തിന്റെ,ഇജ്ജാശക്തിയുടെ പ്രതീകമായി സ്റ്റീഫ് സ്മിത്ത് മാറുമ്പോൾ നാം അറിയേണ്ടത് സ്മിത്ത് എന്ന ബാറ്റിംഗ് പ്രതിഭാസത്തെ കൂടിയാണ്. ആ പ്രതിഭയുടെ ആഴം കൂടിയാണ്, സ്മിത്ത് എന്ന മാസ്റ്റർ ബ്ലാസ്റ്ററിനെയാണ്.
ആദ്യ ടെസ്റ്റിൽ രണ്ട് ഇന്നിങ്സിലും സ്മിത്ത് ബാറ്റ് എടുത്ത് ക്രീസിൽ എത്തുമ്പോൾ ഓസ്‌ട്രേലിയ തകർച്ചയെ നേരിടുകയായിരുന്നു. ആ സമയങ്ങളിൽ ടീമിനെ രക്ഷിക്കുക മാത്രമല്ല ജയിക്കാം എന്ന നിലയിലേക്ക് ടീമിന്റെ നിലയെ വളർത്തുകയായിരുന്നു സ്മിത്ത് ചെയ്തത്. ആദ്യ ഇന്നിങ്സിൽ ഒമ്പതാം വിക്കറ്റിൽ പീറ്റർ സിഡിലിനൊപ്പം സ്മിത്ത് കുറിച്ച റൺസ് ഇല്ലായിരുന്നെങ്കിൽ ഓസ്‌ട്രേലിയ ഈ മത്സരത്തിലെ ഉണ്ടാകുമായിരുന്നില്ല. ആദ്യ ഇന്നിങ്സിൽ തകർന്ന ഓസ്‌ട്രേലിയക്ക് ആദ്യ എട്ടു വിക്കറ്റിൽ ലഭിച്ച റൺസിനെക്കാൾ അധികം നൽകി സ്മിത്ത്, അതും ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്സിന്റെ പകുതിയിൽ അടുത്ത് റൺസ് സ്വയം നേടി സ്മിത്ത്. രണ്ടാം ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയക്ക് മുന്നിരക്കാരെ നഷ്ടമാവുമ്പോൾ ആണ് സ്മിത്ത് കളത്തിൽ ഇറങ്ങുന്നത്. ഇത്തവണ ഒന്നാം ഇന്നിങ്സിനെ അപേക്ഷിച്ച് വേഗത്തിൽ റൺസ് അടിച്ച് കൂട്ടിയ സ്മിത്ത് തന്റെ പിറകിൽ വന്ന മാത്യു വൈഡ്, ട്രാവിസ് ഹെഡ് തുടങ്ങിയവർക്ക് സമ്മർദ്ദമില്ലാതെ ബാറ്റ് ചെയ്യാനുള്ള അവസരവും സൃഷ്ടിച്ചു.
ഇങ്ങനെ ആദ്യ ഇന്നിംഗ്‌സിലെ 144 റൺസിലൂടെയും രണ്ടാം ഇന്നിംഗ്‌സിലെ 142 റൺസിലൂടെയും സ്റ്റീഫൻ സ്മിത്ത് തന്റെ തിരിച്ച് വരവ് പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഇനി തനിക്ക് കളയാൻ വർഷങ്ങൾ ഒന്നും ബാക്കി വക്കാൻ സ്മിത്ത് ഒരുങ്ങും എന്നു കരുതാൻ ആവില്ല കാരണം വിലക്ക് കാരണം പുറത്തിരുന്ന ഒരു വർഷത്തെ കടം വീട്ടാൻ ബാക്കിയുണ്ട് സ്മിത്തിന്. സാക്ഷാൽ ഡോൺ ബ്രാഡ്മാൻ കഴിഞ്ഞാൽ ടെസ്റ്റിൽ ഏറ്റവും കുറവ് ഇന്നിങ്‌സുകളിൽ 25 ശതകങ്ങൾ എത്തിയത് ടെസ്റ്റിൽ ഏതാണ്ട് 60 റൺസിലേറെ ശരാശരി സൂക്ഷിക്കുന്ന സ്മിത്ത് ആണ്. സ്മിത്ത് ഇത് പോലെ ബാറ്റ് വീശിയാൽ ചിലപ്പോൾ അദ്ദേഹം തകർക്കുക തകർക്കില്ലെന്നു പലരും പ്രവചിച്ച പല റെക്കോർഡുകൾ ആയാലും അതിശയിക്കേണ്ട കാര്യമില്ല കാരണം ഇത് സ്റ്റീവ് സ്മിത്ത് ആണ് ഒരു വർഷത്തെ ചാരത്തിൽ നിന്ന് ഉയർത്തെണീറ്റ സ്റ്റീവ് സ്മിത്ത്.