ഏഷ്യാകപ്പ് മലയാളത്തിലും, ആരാധകർക്കായി സ്റ്റാർ സ്പോർട്സ്

Jyotish

ഇന്ത്യൻ ഫുട്ബോൾ ആരാധകർ കാത്തിരിക്കുന്ന ഏഷ്യാകപ്പിന്റെ തത്സമയ സംപ്രേക്ഷണത്തിൽ ഇനി മലയാളം കമന്ററിയും കേൾക്കാം. ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് വേണ്ടി ആറ് പ്രാദേശിക ഭാഷകളിലാണ് കമന്ററി ഉണ്ടാവുക. ജനുവരി ആദ്യ വാരം ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ ഗ്രൂപ്പ് എയിലാണ്. യു എ ഇ, തായ്‌ലാന്റ്, ബഹ്റൈൻ എന്നിവരാണ് ഇന്ത്യക്ക് ഒപ്പം ഉള്ളത്.

ആദ്യ മത്സരത്തിൽ ഇന്ത്യ തായ്‌ലാന്റിനെ നേരിടും. 2011ന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യാ കപ്പിൽ കളിക്കുന്നത്. ഇന്ത്യൻ ടീമിൽ രണ്ടു മലയാളി താരങ്ങളാണ് ഇടം നേടിയത്. കേരള ബ്ലാസ്റ്റേഴ്സ് താരവും സെന്റർ ബാക്കുമായ അനസ് എടത്തൊടികയും, പൂനെ സിറ്റിയുടെ യുവതാരം ആഷിഖ് കുരുണിയനുമാണ് ഈ താരങ്ങൾ. ഏഷ്യാകപ്പിനു മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ ഇന്നലെ ഒമാനെ ഇന്ത്യ സമനിലയിൽ തളച്ചിരുന്നു.