ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ ജയം കണ്ടെത്തി ഇപ്സ്വിച് ടൗൺ. വമ്പന്മാർ ആയ ടോട്ടനം ഹോട്‌സ്പറിനെ അവരുടെ മൈതാനത്ത് 2-1 എന്ന സ്കോറിന് ആണ് ഈ സീസണിൽ സ്ഥാനക്കയറ്റം നേടി വന്ന ഇപ്സ്വിച് ഞെട്ടിച്ചത്. ടോട്ടനം ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ മികച്ച അവസരങ്ങൾ ഉണ്ടാക്കുന്ന ഇപ്സ്വിചിനെ ആണ് കാണാൻ ആയത്. 31 മത്തെ മിനിറ്റിൽ ഡിലാപിന്റെ ക്രോസിൽ നിന്നു ബൈസൈക്കിൾ ഷോട്ടിലൂടെ ഗോൾ നേടിയ സാമി മോഡിക്സ് ഇപ്സ്വിചിന് ആദ്യ ഗോൾ സമ്മാനിച്ചു.
തുടർന്ന് 41 മത്തെ മിനിറ്റിൽ മികച്ച ഫോമിലുള്ള ലിയാം ഡിലാപ് കൂടി വല കുലിക്കിയതോടെ ടോട്ടനം ഞെട്ടി. രണ്ടാം പകുതിയിൽ സമനില ഗോളുകൾക്ക് ആയാണ് ടോട്ടനം ഇറങ്ങിയത്. 48 മിനിറ്റിൽ ഡൊമനിക് സൊളാങ്കെ ഗോൾ നേടുകയും ചെയ്തു. എന്നാൽ ഈ ഗോൾ ഹാന്റ് ബോളിന് വാർ നിഷേധിച്ചു. 69 മത്തെ മിനിറ്റിൽ പെഡ്രോ പോറോയുടെ കോർണറിൽ നിന്നു ഹെഡറിലൂടെ ബെന്റകർ ഒരു ഗോൾ മടക്കിയെങ്കിലും ഇപ്സ്വിച് ജയം കൈവിട്ടില്ല. ഇപ്സ്വിച് ലീഗിൽ 17 സ്ഥാനത്തേക്ക് ഉയർന്നു, പത്താം സ്ഥാനത്ത് ആണ് ടോട്ടനം ഇപ്പോൾ.