ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്പർസ് ഒരു നിശബ്ദ വിപ്ലവം നടത്തുകയാണെന്ന് പറയാം. ഒരു ബഹളവും ഇല്ലാതെ അവർ മികച്ച ഫുട്ബോൾ സ്ഥിരതയോടെ കളിച്ച് ഒന്നാം സ്ഥാനം തങ്ങളുടേതാക്കിയിരിക്കുകയാണ്. ഇന്നലെ ഫുൾഹാമിനെ തോല്പ്പിച്ചതോടെ 23 പോയിന്റുമായി അവർ ലീഗിൽ ഒന്നാമത് നിൽക്കുകയാണ്. ഒപ്പം ഉണ്ടായിരുന്ന ആഴ്സണൽ ഈ മാച്ച് വീക്കിൽ പോയിന്റ് നഷ്ടപ്പെടുത്തിയതോടെയാണ് സ്പർസ് ഒറ്റയ്ക്ക് ഒന്നാം സ്ഥാനത്ത് ആയത്.
ഫുൾഹാമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് സ്പർസ് തോൽപ്പിച്ചത്. 36ആം മിനുട്ടിൽ ഹ്യുങ് മിൻ സോണിലൂടെ ആയിരുന്നു സ്പർസ് ആദ്യ ഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയിൽ മാഡിസൺ കൂടെ ഗോൾ നേടിയതോടെ സ്പർസിന്റെ വിജയം പൂർത്തിയായി. 9 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ലീഗിൽ ഒരു പരാജയം പോലും നേരിടാതെ നിൽക്കുകയാണ് സ്പർസ്.
23 പോയിന്റുമായി സ്പർസ് ഒന്നാമത് നിൽക്കുന്നു. 21 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയും ആഴ്സണലും സ്പർസിന് പിറകിൽ നിൽക്കുന്നു.