ത്രില്ലർ പോരിൽ ലീഡ്സിനെ വീഴ്ത്തി ടോട്ടനം
ഏഴു ഗോളുകൾ പിറന്ന ത്രില്ലർ പോരാട്ടത്തിൽ ലീഡ്സിനെ വീഴ്ത്തി ടോട്ടനം. കൈവിട്ടു പോകുമായിരുന്ന മത്സരം ബെന്റാങ്കുറിന്റെ ഇരട്ട ഗോളുകളിലൂടെ തിരിച്ചു പിടിച്ച സ്പർസിന് താല്ക്കാലികമായി മൂന്നാം സ്ഥാനം ഉറപ്പിക്കാനും കഴിഞ്ഞു.
ഹാരി കെയ്നൊപ്പം കുലുസേവ്സ്കിയെയും റിച്ചാർലിസനേയും അണിനിരത്തിയാണ് ടോട്ടനം ഇറങ്ങിയത്. സ്വന്തം തട്ടകത്തിൽ പത്താം മിനിറ്റിൽ തന്നെ ഗോൾ വഴങ്ങാനായിരുന്നു പക്ഷെ വിധി. സമ്മർവില്ലയാണ് ലീഡ്‌സിനായി വല കുലുക്കിയത്. ഇരുപത്തിയഞ്ചാം മിനിറ്റിൽ ഹാരി കെയിൻ സമനില ഗോൾ കണ്ടെത്തി. ഫ്രീകികിൽ നിന്നായിരുന്നു ഗോൾ പിറന്നത്. ആദ്യ പകുതി അവസാനിക്കാൻ തൊട്ടു മുൻപ് റോഡ്രിഗോ വീണ്ടും ലീഡ്സിനെ മുൻപിൽ എത്തിച്ചു. കോർണറിലൂടെ വന്ന ബോൾ ക്ലിയർ ചെയ്തെങ്കിലും വീണ്ടും റോഡ്രിഗോയിലേക്ക് എത്തിയപ്പോൾ തടയാൻ ലോറിസിന് ആയില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ വീണ്ടും ടോട്ടനം സമനില പിടിച്ചു. അൻപതിയൊന്നാം മിനിറ്റിൽ. ബെൻ ഡേവിസ് ഇരുപത് വാര അകലെ നിന്നും തൊടുത്ത ഷോട്ട് ലീഡ്സിന്റെ പ്രതിരോധ താരങ്ങളെ കടന്ന് പോസ്റ്റിലേക്ക് ഉരുണ്ടു കയറി. എന്നാൽ ലീഡ്സ് അവസാനിപ്പിച്ചിട്ടില്ലായിരുന്നു. റോഡ്രിഗോയുടെ മികച്ചൊരു ഫിനിഷിങ് വീണ്ടും തുണയായപ്പോൾ എഴുപതിയാറാം മിനിറ്റിൽ ഒരിക്കൽ കൂടി ലീഡ്സ് മുന്നിലെത്തി.
അഞ്ച് മിനിറ്റുകൾക്ക് ശേഷം ബെന്റാങ്കുർ അവതരിച്ചു. ദോഹർടിയുടെ പാസ് സ്വീകരിച്ച താരം തൊടുത്ത ഷോട്ട് മത്സരത്തിൽ മൂന്നാം തവണ ടോട്ടനത്തിന് സമനില സമ്മാനിച്ചു. വെറും രണ്ടു മിനിറ്റുകൾക് ശേഷം കുലുസേവ്കിയുടെ പാസിൽ ഒരിക്കൽ കൂടി ഉറുഗ്വേയൻ താരം വല കുലുക്കിയതോടെ മത്സരത്തിൽ ആദ്യമായി ആതിഥേയർ മുന്നിലെത്തി. ആഡംസ് ചുവപ്പ് കാർഡ് കണ്ടു പുറത്തു പോവുക കൂടി ചെയ്തതോടെ മത്സരം ലീഡ്സിനെ കയ്യിൽ നിന്നും പൂർണമായി വഴുതി.