വാക്കുകൾ ഇല്ല ഈ ഫുട്ബോൾ മത്സരത്തെ പ്രകീർത്തിക്കാൻ. ഈ സീസൺ ചാമ്പ്യൻസ് ലീഗിനെ കുറിച്ച് എന്താണ് പറയുക. ഫുട്ബോൾ ആരാധകർക്ക് ഇത്രയും വിരുന്ന് നൽകിയ ചാമ്പ്യൻസ് ലീഗ് സീസണുകൾ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ഇന്ന് ചാമ്പ്യൻസ് ലീഗിലെ രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദത്തിലും നാടകീയതയ്ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല. ടോട്ടൻഹാമിന്റെ വീറുറ്റ പോരാട്ടം കണ്ട മത്സരത്തിൽ 95ആം മിനുട്ടിലെ ഗോളിൽ അയാക്സിനെ വീഴ്ത്തി കൊണ്ട് ടോട്ടൻഹാം ഫൈനലിൽ. അതും രണ്ടാം പകുതിയിം മൂന്ന് ഗോളുകൾ നേടിക്കൊണ്ട്.
ആദ്യ പാദത്തിൽ ടോട്ടൻഹാമിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിൽ ഇന്ന് സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങിയ അയാക്സിന് 1-0 ലീഡിന്റെ മുൻ തൂക്കം ഉണ്ടായിരുന്നു. ആ ആത്മവിശ്വാസത്തിൽ കളി തുടങ്ങി അയാക്സ് ടോട്ടൻഹാമിനെ വെള്ളം കുടിപ്പിക്കുകയും ചെയ്തു. ആദ്യ പകുതിയിൽ അയാക്സിനെതിരെ പിടിച്ചു നിൽക്കാൻ ടോട്ടൻഹാമിന് ആയില്ല. കളി തുടങ്ങി അഞ്ചു മിനുട്ടുകൾക്കകം തന്നെ അയാക്സ് മുന്നിൽ എത്തി. ക്യാപ്റ്റൻ ഡിലിറ്റിന്റെ ഹെഡർ ആയിരുന്നു അയാക്സിന് ലീഡ് നൽകിയത്.
35ആം മുനുട്ടിൽ വീണ്ടും അയാക്സ് ഗോൾ വല കുലുക്കി. ടാഡിചും സിയെചും ചേർന്ന് നടത്തിയ ഒരു ഗംഭീര നീക്കം ആയിരുന്നു ഗോളിൽ കലാശിച്ചത്. ടാഡിചിന്റെ പാസിൽ നിന്ന് സിയെച് എടുത്ത് ഷോട്ട് ലോരിസിനെ മറികടന്ന് മനോഹരമായി വലയിൽ പതിച്ചു. സ്കോർ 2-0. അഗ്രിഗേറ്റ് സ്കോറിൽ 3-0. അയാക്സ് ഫൈനൽ ഉറപ്പിച്ചെന്ന് എല്ലാവരും കരുതി.
എന്നാൽ രണ്ടാം പകുതിയിൽ ഇറങ്ങിയ സ്പർസ് ആദ്യ പകുതിയിൽ കണ്ട സ്പർസ് ആയിരുന്നില്ല. അവർ തിരിച്ചടി തുടങ്ങി. സ്പർസിന്റെ ഹീറോ ആയി മാറിയത് ബ്രസീലിയൻ ലൂകസ് മോറയും. നാലു മിനുട്ടിനിടെ രണ്ട് ഗോളുകൾ. ആദ്യ 55ആം മിനുട്ടിൽ ഡെലി അലിയുടെ കയ്യിൽ നിന്ന് പന്ത് സ്വീകരിച്ച ശേഷം. പിന്നെ 59ആം മിനുട്ടിൽ ബോക്സിൽ നിന്ന് അയാക്സ് ഡിഫൻസിനെ വട്ടം കറക്കിയ ശേഷമുള്ള ഫിനിഷ്. സ്കോർ 2-2. അഗ്രിഗേറ്റിൽ 3-2. ഒരു ഗോൾ കൂടെ നേടിയാൽ എവേ ഗോളിൽ സ്പർസിന് ഫൈനലിൽ എത്താം എന്ന അവസ്ഥ.
പിന്നീട് ഇരു ടീമുകളും ഇരുവശത്തും ആക്രമണം അഴിച്ചു വിട്ടു. സിയെചിന്റെ ഒരു മിസ്സും ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതും അയാക്സിന് കൂടുതൽ തലവേദനകൾ നൽകി. അതിനു പിറകെ രണ്ട് സുവർണ്ണാവസരങ്ങൾ ടോട്ടൻഹാമിന്റെ വെർടോംഗനും കിട്ടി. അതിൽ ഒന്ന് ബാറിൽ തട്ടി മടങ്ങിയപ്പോൾ മറ്റൊന്ന് ഗോൾ വരയിൽ വെച്ച് ബ്ലോക്കും ചെയ്യപ്പെട്ടു.
മത്സരം 95ആം മിനുട്ടിൽ ഇനി ഒരു അവസരം ഇല്ലാ എന്ന് തോന്നിയ നിമിഷത്തിൽ വീണ്ടും ലൂകാസ് മോറ എത്തി. മോറയുടെ ഹാട്രിക്ക്. അയാക്സിന്റെ ഹൃദയം തകർന്നു. ടോട്ടൻഹാമിനെ സ്വപ്ന ഫൈനലിൽ എത്തിച്ച് ലുകാസ് മോറ എന്ന ബ്രസീലിയൻ മജീഷ്യൻ. ഫൈനൽ വിസിൽ 3-3 എന്ന അഗ്രിഗേറ്റ് സ്കോർ. എവേ ഗോളിന്റെ ബലത്തിൽ ടോട്ടൻഹാം ഫൈനലിൽ. ലിവർപൂളിനെ ആകും ഫൈനലിൽ ടോട്ടൻഹാം നേരിടുക. 2008ന് ശേഷം ആദ്യമായി ഒരു ഇംഗ്ലീഷ് ഫൈനൽ ചാമ്പ്യൻസ് ലീഗിൽ.