ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അത്യന്തം വാശിയേറിയ പോരാട്ടത്തിൽ ബ്രൈറ്റണിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു ടോട്ടൻഹാം. നിരവധി വിവാദങ്ങൾ നിറഞ്ഞ മത്സരത്തിൽ കളത്തിനു അകത്തും പുറത്തും നിരവധി നാടകങ്ങൾ ആണ് അരങ്ങേറിയത്. മത്സരം തുടങ്ങുന്നതിനു മുമ്പ് തന്നെ പരസ്പരം കലഹിക്കുന്ന പരിശീലകരെയും സ്റ്റാഫിനെയും ആണ് കാണാൻ ആയത്. മത്സരത്തിന്റെ പത്താം മിനിറ്റിൽ പെരിസിച്ചിന്റെ പാസിൽ നിന്നു ഉഗ്രൻ ഗോളിലൂടെ തന്റെ നൂറാം പ്രീമിയർ ലീഗ് ഗോൾ നേടിയ സോൺ ടോട്ടനത്തിനു മുൻതൂക്കം സമ്മാനിച്ചു. 18 മത്തെ മിനിറ്റിൽ മിറ്റോമ ബ്രൈറ്റണിനു ആയി ഗോൾ നേടിയെങ്കിലും ഹാന്റ് ബോൾ വിധിച്ച റഫറി ഗോൾ അനുവദിച്ചില്ല. ഇടക്ക് ലോറിസിന്റെ രക്ഷപ്പെടുത്തലുകൾ ആണ് ടോട്ടനത്തിനു തുണയായത്. മുപ്പത്തിനാലാം മിനിറ്റിൽ മാർഷിന്റെ ക്രോസിൽ നിന്നു ഉഗ്രൻ ഹെഡറിലൂടെ ഗോൾ കണ്ടത്തിയ ലൂയിസ് ഡങ്ക് ബ്രൈറ്റണിനു സമനില ഗോൾ സമ്മാനിച്ചു.
രണ്ടാം പകുതിയിൽ 55 മത്തെ മിനിറ്റിൽ ഡാനി വെൽബക് ബ്രൈറ്റണിനു ആയി രണ്ടാം ഗോൾ കണ്ടത്തിയെങ്കിലും വാർ അത് അനുവദിച്ചില്ല. മകലിസ്റ്ററുടെ കയ്യിൽ തട്ടിയാണ് പന്ത് വലയിൽ എത്തിയത് എന്നതിനാൽ വാർ ഹാന്റ് ബോൾ വിളിക്കുക ആയിരുന്നു. ഇതിനെ തുടർന്ന് രൂക്ഷമായ വാക്കേറ്റം ആണ് ഇരു ടീമുകളുടെയും ഡഗ് ഔട്ടിൽ അരങ്ങേറിയത്. ഇരു സ്റ്റാഫുകളും തമ്മിലടിച്ചപ്പോൾ തങ്ങളുടെ സ്റ്റാഫിനെ നിയന്ത്രിക്കാൻ ആവാത്തതിനാൽ ബ്രൈറ്റൺ പരിശീലകൻ ഡി സെർബിയും ടോട്ടനം പരിശീലകൻ സ്റ്റെല്ലിനിയും ചുവപ്പ് കാർഡ് കണ്ടു. 71 മത്തെ മിനിറ്റിൽ മിറ്റോമയെ ഹോയബയർ ബോക്‌സിൽ വീഴ്‌ത്തിയത്തിനു ബ്രൈറ്റൺ പെനാൽട്ടിക്ക് ആയി വാദിച്ചെങ്കിലും റഫറി അത് അനുവദിച്ചില്ല. തുടർന്ന് 79 മത്തെ മിനിറ്റിൽ ഹോയബയറിന്റെ പാസിൽ നിന്നു ഗോൾ നേടിയ ക്യാപ്റ്റൻ ഹാരി കെയ്‌ൻ ടോട്ടനത്തിനു വിജയം സമ്മാനിക്കുക ആയിരുന്നു. തുടർന്ന് സമനിലക്ക് ആയുള്ള ബ്രൈറ്റണിന്റെ ശ്രമങ്ങൾ ജയം കണ്ടില്ല. നിലവിൽ ടോട്ടൻഹാം ലീഗിൽ അഞ്ചാമതും ബ്രൈറ്റൺ ഏഴാമതും ആണ്.