മാഡ്രിഡിൽ റയലിനെ വീഴ്ത്തിയപ്പോൾ അത്ഭുതമെന്ന് പറഞ്ഞവർക്കും, ടൂറിനിൽ യുവന്റസിനെ വീഴ്ത്തിയപ്പോൾ തരിച്ചു നിന്നവർക്കും ഇനിയും അയാക്സിന്റെ ഫുട്ബോളിൽ വിശ്വാസമില്ല എങ്കിൽ ഇന്ന് ലണ്ടണിലെ കളി കണ്ടതോടെ വിശ്വാസ്മായിക്കാണും. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ ടോട്ടൻഹാമിനെ അവരുടെ പുത്തൻ പുതിയ ഗ്രൗണ്ടിൽ വീഴ്ത്തി കൊണ്ട് അയാക്സ് തങ്ങളുടെ സുന്ദര ഫുട്ബോൾ വിജയത്തിന്റേത് കൂടിയാണ് എന്ന് ഇന്ന് അടിവരയിട്ടു.
ഇന്ന് ടോട്ടൻഹാം പുതിയ സ്റ്റേഡിയത്തിൽ സ്പർസ് ഇറങ്ങിയത് പരിക്കേറ്റ കെയ്നും സസ്പെൻഷനിലായ സോണും ഇല്ലാതെ ആയിരുന്നു. അതുകൊണ്ട് തന്നെ അയാക്സിന് കാര്യങ്ങൾ എളുപ്പമായി. കളിയുടെ തുടക്കം മുതൽ തന്നെ അയാക്സ് കളി തങ്ങളുടേതാക്കി മാറ്റി. ഷോർട്പാസുകളും വൺ ടച്ച് പാസുകളും ഡ്രിബിളുകളുമൊക്കെ ആയി ടോട്ടൻഹാം വെള്ളം കുടിച്ചു പോയ തുടക്കമായിരുന്നു അയാക്സ് നൽകിയത്.
കളിയുടെ 15ആം മിനുട്ടിൽ തന്നെ അയാക്സ് ലീഡ് എടുത്തു. വാൻ ഡി ബീകായിരുന്നു ഗോൾ നേടിയത്. ഹകീം സിയെചിന്റെ ഒരു അളന്നു മുറിച്ച് പാസ് ടോട്ടൻഹാം ഡിഫൻസിനെ മുഴുവൻ പിറകിലാക്കുകയായിരുന്നു. വാൻ ഡി ബീക് പിഴവില്ലാതെ പന്ത് വലയിൽ എത്തിച്ചു. ആദ്യ പകുതിയിൽ ഉടനീളം അയാക്സിന്റെ ആക്രമണങ്ങൾ ആയിരുന്നു. ഭാഗ്യം കൊണ്ട് മാത്രമാണ് മത്സരം 1-0ൽ തന്നെ നിന്നത്.
രണ്ടാം പകുതിയിൽ സ്പർസ് മെച്ചപ്പെട്ട ഫുട്ബോൾ കളിച്ചു എങ്കിലും അയാക്സ് ഗോൾ കീപ്പറെ ഒന്ന് കാര്യമായി പരീക്ഷിക്കാൻ വരെ സ്പർസിനായില്ല. കെയ്നിന്റെയും സോണിന്റെയും അഭാവം സ്പർസിന്റെ ഗോൾ ഭീഷണി തന്നെ ഇല്ലാണ്ടാക്കി. 1-0ന്റെ മാത്രം പരാജയം ആയതു കൊണ്ട് ഇപ്പോഴും സ്പർസിന് പ്രതീക്ഷകൾ ബാക്കിയുണ്ട്. പക്ഷെ വിജയം എന്നതിനൊപ്പം ഒരു എവേ ഗോൾ കൂടെ കിട്ടി എന്നത് അയാക്സിന്റെ ഫൈനൽ പ്രതീക്ഷയ്ക്ക് സ്പസിനെക്കാൾ സാധ്യത വർധിപ്പിക്കുന്നു.