സ്പെയിനെ സമനിലയിൽ തളച്ച് സ്വീഡൻ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സ്പെയിനിന്റെ പൊസഷൻ ഫുട്ബോൾ സ്വീഡന് മുന്നിൽ വിജയിച്ചില്ല. ഗ്രൂപ്പ് ഇയിലെ ആദ്യ മത്സരത്തിൽ സ്വീഡൻ വമ്പന്മാരായ സ്പെയിനിലെ ഗോൾ രഹിത സമനിലയിൽ തളച്ചു. നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ ആവാഞ്ഞതും കിട്ടിയ അവസരങ്ങൾ ലക്ഷ്യത്തിൽ എത്തിക്കാൻ അവാഞ്ഞതും ആണ് സ്പെയിനിന് വിനയായത്.

ഇന്ന് സെവിയ്യിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ സ്പെയിൻ പന്ത് കയ്യിൽ വെച്ച് കളിക്കുന്നതാണ് കണ്ടത്. പൊസഷൻ ഫുട്ബോളിൽ ഊന്നി കളിച്ച സ്പെയിനിന് പക്ഷെ സ്വീഡൻ ഡിഫൻസിനെ കാര്യമായി പരീക്ഷിക്കാൻ ആദ്യ പകുതിയിൽ ആയില്ല. 16ആം മിനുട്ടിലാണ് സ്പെയിനിന്റെ ആദ്യ അവസരം വന്നത്. വലതു വിങ്ങിൽ നിന്ന് കോകെ നൽകിയ ക്രോസിൽ തന്റെ മാർക്കറെ മറികടന്ന് ഡാനി ഒൽമോ എത്തിയെങ്കിലും ഷോട്ട് സ്വീഡിഷ് കീപ്പർ ഓൾസൺ തടുത്തു.

ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത്. മൊറട്ടയ്ക്ക് ആയിരുന്നു. 38ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് ജോർദി ആൽബ നൽകിയ ക്രോസ് മൊറാട്ടയിൽ എത്തുമ്പോൾ മുന്നിൽ സ്വീഡന്റെ ഗോൾകീപ്പർ മാത്രമെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ആ പന്ത് ടാർഗറ്റിലേക്ക് പോലും അടിക്കാൻ മൊറാട്ടക്കായില്ല. 41ആം മിനുട്ടിൽ ഇസകിലൂടെ സ്വീഡനും നല്ല അവസരം ലഭിച്ചു. ഇസകിന്റെ ഷോട്ട് ലപോർടയിൽ തട്ടി ഗോൾ വല ലക്ഷ്യമാക്കി പോയെങ്കിലും പോസ്റ്റ് സ്പെയിനിനെ രക്ഷിച്ചു.

രണ്ടാം പകുതിയിലും പന്ത് സ്പെയിനിന്റെ കൈവശം തന്നെ ആയിരുന്നു. പക്ഷെ ഗോൾ മുഖത്ത് അവർ കഷ്ടപ്പെടുന്നത് തുടർന്നു. സെറാബിയ, തിയാഗൊ അൽകാൻട്ര, ജെറാഡ് മൊറേനോ എന്നിവരെയൊക്കെ കളത്തിൽ ഇറക്കി മാറ്റങ്ങൾ കൊണ്ടുവരാൻ ലൂയി എൻറികെ ശ്രമിച്ചു. എങ്കിലും ഫലം ഉണ്ടായില്ല. ഗോൾ കീപ്പർ ഓൾസന്റെ പ്രകടനവും സ്വീഡന് സഹായകമായി. മറുവശത്ത സ്വീഡന് നല്ല അവസരം ലഭിച്ചു എങ്കിലും ഗോൾ നേടാനായില്ല. ടൂർണമെന്റിലെ ആദ്യ ഗോൾ രഹിത സമനില ആണ് ഇത്. സ്പെയിനിന് ഇത് നിരാശ നകുന്ന ഫലവും സ്വീഡന് ഇത് പ്രതീക്ഷ നൽകുന്ന ഫലവുമാണ്.