ഗോളില്ലെന്ന് ഇനി പരാതി വേണ്ട, സ്ലൊവാക്യൻ വല നിറച്ച് സ്പെയിൻ പ്രീക്വാർട്ടറിൽ

20210623 231032

സ്പെയിൻ ഗോളടിക്കാത്തതിന് പരിഹസിച്ചവരെ എല്ലാം നിശബ്ദരാക്കുന്ന പ്രകടനം നടത്തി കൊണ്ട് സ്പെയിൻ യൂറോ കപ്പിന്റെ പ്രീക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു. ഇന്ന് സ്ലൊവാക്യയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ച് കൊണ്ടായിരിന്നു സ്പെയിനിന്റെ തേരോട്ടം. ഈ വലിയ പരാജയം സ്ലൊവാക്യയെ യൂറോ കപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

ഇന്ന് യോഗ്യത നേടാൻ വിജയം അത്യാവശ്യമായിരുന്ന സ്പെയിൻ സ്ലൊവാക്യക്ക് എതിരെ മികച്ച രീതിയിലാണ് തുടങ്ങിയത്. തുടക്കത്തിൽ തന്നെ നിരവധി അവസരങ്ങൾ അവർ സൃഷ്ടിച്ചു എങ്കിലും അവരം നഷ്ടപ്പെടുത്തുന്ന പതിവ് സ്പെയിൻ അറ്റാക്കിംഗ് നിര തുടർന്നു. അഞ്ചാം മിനുട്ടിലെ മൊറാട്ടയുടെ ആദ്യ ഗോൾ ശ്രമം സ്ലൊവാക്യ കീപ്പർ ഡുബ്രവ്ക സമർത്ഥമായി തടഞ്ഞു. 11ആം മിനുട്ടിൽ സ്പെയിനിന് ലീഡ് എടുക്കാൻ സുവർണ്ണാവസരം തന്നെ ലഭിച്ചു. കൊകെയെ വീഴ്ത്തിയതിന് കിട്ടിയ പെനാൾട്ടി എടുത്തത് മൊറാട്ട ആയിരുന്നു.

മുൻ മത്സരത്തിൽ എന്ന പോലെ പെനാൾട്ടി പോലും വലയിൽ എത്തിക്കാൻ സ്പെയിനായില്ല. മൊറാട്ട എടുത്ത പെനാൾട്ടി തന്റെ വലതു ഭാഗത്തേക്ക് ചാടി ഡുബ്രാവ്ക സേവ് ചെയ്തു. ഇതിനു ശേഷവും ഡുബ്രവ്കയുടെ സേവുകൾ സ്ലൊവാക്യക്ക് രക്ഷയായി. ഇങ്ങനെ ഡുബ്രവ്ക ഹീറോ ആയി നിൽക്കുന്ന സമയത്താണ് സരാബിയ ബോക്സിന് പുറത്ത് നിന്ന് ഒരു ഷോട്ട് എടുക്കുന്നത്. അത് പോസ്റ്റിന് തട്ടി മേലേക്ക് ഉയർന്നു. അപകടം ഒഴിഞ്ഞെന്ന് സ്ലൊവാക്യ കരുതി എങ്കിലും ആ പന്ത് തട്ടി ഗോൾ ബാറിനു മുകളിലൂടെ കളയാനുള്ള ഡുബ്രവ്കയുടെ ശ്രമം പാളി. താരം പന്ത് തട്ടി ഇട്ടത് സ്വന്തം വലയിൽ തന്നെ ആയിപ്പോയി. ഡുബ്രവ്ക ഹീറോയിൽ നിന്ന് സീറോ ആയി.

ഈ ടൂർണമെന്റിലെ ഏഴാം സെൽഫ് ഗോളായിരുന്നു ഇത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുന്നോടിയായി സ്പെയിൻ രണ്ടാം ഗോളും നേടി. ഇത്തവണ സെന്റർ ബാക്കായ ലപോർടെയുടെ ഹെഡർ ആണ് വലയിൽ എത്തിയത്. സ്പാനിഷ് ജേഴ്സിയിലെ ലപോർടെയുടെ ആദ്യ ഗോളായിരുന്നു ഇത്. ഈ അടുത്ത കാലത്തു മാത്രമാണ് ലപോർടെ സ്പാനിഷ് പൗരത്വം സ്വീകരിച്ച് സ്പെയിൻ ടീമിൽ എത്തിയത്.

രണ്ടാം പകുതിയിൽ സ്പെയിന്റെ ആക്രമണത്തിന്റെ മൂർച്ച കൂടി. 56ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്ന് ആൽബ കൊടുത്ത ക്രോസ് സെറാബിയ വലയിൽ എത്തിച്ചു. അതോടെ സ്ലൊവാക്യയുടെ പ്രീക്വാർട്ടർ പ്രതീക്ഷയും അവസാനിച്ചു. പിന്നാലെ സബ്ബായി എത്തിയ ഫെറാൻ ടോറസ് 67ആം മിനുട്ടിൽ ആദ്യ ടച്ചിൽ തന്നെ ഗോൾ നേടി. സെറാബിയയുടെ ക്രോസിൽ നിന്ന് ഒരു ഫ്ലിക്കിലൂടെ ആയിരുന്നു ഫെറാന്റെ ഫിനിഷ്. മത്സരത്തിലെ ഏറ്റവും മനോഹരമായ ഗോളും ഇതായിരുന്നു.

72ആം മിനുട്ടി മറ്റൊരു സെൽഫ് ഗോൾ സ്പെയിനിന്റെ അഞ്ചാം ഗോളായി മാറി. ഈ വിജയം സ്പെയിനിനെ അഞ്ചു പോയിന്റിൽ എത്തിച്ചു. ക്രൊയേഷ്യയെ ആകും സ്പെയിൻ പ്രീക്വാർട്ടറിൽ നേരിടുക. ഇന്ന് പോളണ്ടിനെ തോൽപ്പിച്ച സ്വീഡൻ ഏഴു പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി. മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്ന സ്ലൊവാക്യക്ക് ഗോൾ ഡിഫറൻസ് വലിയ തിരിച്ചടി ആയി.