ഇംഗ്ലണ്ടിനെതിരെ 6 റൺസ് വിജയവുമായി വനിത ടി20 ലോകപ്പ് ഫൈനലില്‍ കടന്ന് ദക്ഷിണാഫ്രിക്ക. ഇന്ന് ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ദക്ഷിണാഫ്രിക്ക 164 റൺസ് നേടിയപ്പോള്‍ ഇംഗ്ലണ്ടിന് 158 റൺസ് മാത്രമേ നേടാനായുള്ളു.
4 വിക്കറ്റ് നേടിയ അയബോംഗ ഖാകയാണ് ദക്ഷിണാഫ്രിക്കയുടെ വിജയം ഒരുക്കിയത്. അവസാന രണ്ടോവറിൽ 25 റൺസായിരുന്നു ഇംഗ്ലണ്ട് നേടേണ്ടിയിരുന്നത്. മരിസാന്നേ കാപ്പ് എറിഞ്ഞ 19ാം ഓവറിൽ ഹീത്തര്‍ നൈറ്റ് ഒരു സിക്സ് നേടിയപ്പോള്‍ ഓവറിൽ നിന്ന് 12 റൺസ് പിറന്നു. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 13 റൺസായി മാറി. ഷബ്നിം ഇസ്മൈൽ എറിഞ്ഞ അവസാന ഓവറിലെ മൂന്നാം പന്തിൽ ഹീത്തര്‍ നൈറ്റ് പുറത്തായതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു.
നാറ്റ് സ്കിവര്‍ 40 റൺസ് നേടിയപ്പോള്‍ ഡാനിയേൽ വയട്ട്(34), സോഫിയ ഡങ്ക്ലി(28) എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍.
പവര്‍പ്ലേയ്ക്കുള്ളിൽ തന്നെ 53 റൺസാണ് സോഫിയ – വയട്ട് കൂട്ടുകെട്ട് നേടിയത്. എന്നാൽ കൂട്ടുകെട്ട് തകര്‍ത്ത ഷബ്നിം ഇസ്മൈൽ അതേ ഓവറിൽ തന്നെ അലിസ് കാപ്സേയെയും പുറത്താക്കിയതോടെ ഇംഗ്ലണ്ടിന് തിരിച്ചടിയായി.
പിന്നീട് ഇംഗ്ലണ്ട് ബാറ്റിംഗ് നിര ഒരു കൂട്ടുകെട്ട് പടുത്തുയര്‍ത്തുമ്പോളെല്ലാം വിക്കറ്റുകളുമായി ദക്ഷിണാഫ്രിക്ക തിരിച്ചടിയ്ക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഹീത്തര്‍ നൈറ്റ്31 റൺസ് നേടിയെങ്കിലും വിജയത്തിലേക്ക് ടീമിനെ നയിക്കുവാന്‍ ആയില്ല. ഷബ്നിം ഇസ്മൈൽ മൂന്ന് വിക്കറ്റ് നേടി ഖാകയ്ക്ക് മികച്ച പിന്തുണ നൽകി.
ഇന്ത്യയെ പരാജയപ്പെടുത്തി എത്തിയ ഓസ്ട്രേലിയയാണ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ എതിരാളികള്‍.