വനിത ഏകദിന ലോകകപ്പിൽ വീണ്ടും തോൽവിയേറ്റ് വാങ്ങി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്. ഇന്ന് 3 വിക്കറ്റ് വിജയം ദക്ഷിണാഫ്രിക്ക 4 പന്ത് ബാക്കി നില്‍ക്കവെ നേടിയപ്പോള്‍ അത് ചരിത്ര നിമിഷം കൂടിയായിരുന്നു. 20 വർഷത്തിലാദ്യമായാണ് ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെതിരെ വിജയം നേടുന്നത്.
49ാം ഓവറിന്റെ രണ്ടാം പന്തിൽ 32 റൺസ് നേടിയ മരിസാന്നേ കാപ്പിന്റെ വിക്കറ്റ് നഷ്ടമായത് ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകളെ ബാധിച്ചു. അപ്പോള്‍ പത്ത് പന്തിൽ പത്ത് റൺസായിരുന്നു ടീം നേടേണ്ടിയിരുന്നത്.
പകരം ക്രീസിലെത്തിയ ഷബ്നിം ഇസ്മൈൽ നേരിട്ട ആദ്യ പന്തിൽ ബൗണ്ടറി നേടിയതോടെ ലക്ഷ്യം 9 പന്തിൽ ആറായി മാറി. ഓവറിൽ നിന്ന് 2 റൺസ് കൂടി വന്നപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 4 റൺസായി മാറി.
ലക്ഷ്യം രണ്ട് പന്തിൽ മറികടന്ന് ത്രിഷ ഷെട്ടിയും(13*) ഷബ്നിം ഇസ്മൈലും(5*) ചേര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര നിമിഷം സമ്മാനിക്കുകയായിരുന്നു.
ലോറ വോള്‍വാർഡട് 77 റൺസ് നേടിയാണ് ദക്ഷിണാഫ്രിക്കന്‍ ടോപ് ഓര്‍ഡറിൽ തിളങ്ങിയത്. സൂനേ ലൂസ് 36 റൺസും ടാസ്മിൻ ബ്രിട്ട്സ് 23 റൺസും നേടി നിര്‍ണ്ണായക സംഭാവനകള്‍ നൽകി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് വേണ്ടി താമി ബ്യൂമോണ്ട്(62), ആമി എല്ലൻ ജോൺസ്(53) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് ടീമിനെ 9 വിക്കറ്റ് നഷ്ടത്തിൽ 235 റൺസിലേക്ക് എത്തിച്ചത്.
ദക്ഷിണാഫ്രിക്കയ്ക്കായി മാരിസാന്നേ കാപ്പ് 5 വിക്കറ്റ് നേടി. ച്ലോ ട്രയൺ 2 വിക്കറ്റും നേടി.