അഞ്ചാം ഏകദിനവും ആതിഥേയര്‍ക്ക് സ്വന്തം, ഫ്ലഡ്‍ലൈറ്റുകള്‍ പണിമുടക്കിയപ്പോള്‍ ജയം ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം

Sports Correspondent

ദക്ഷിണാഫ്രിക്കയില്‍ കേപ് ടൗണില്‍ നടന്ന അഞ്ചാം ഏകദിനത്തിലും 41 റണ്‍സിന്റെ വിജയം സ്വന്തമാക്കി പരമ്പര 5-0നു സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 225 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ എയ്ഡന്‍ മാര്‍ക്രത്തിന്റെ ബാറ്റിംഗ് മികവില്‍ 28 ഓവറില്‍ 135/2 എന്ന നിലയില്‍ നില്‍ക്കെയാണ് ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സിനെ വൈദ്യുതി വിളക്കുകള്‍ തടസ്സപ്പെടുത്തിയത്. ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകള്‍ കണ്ണ്ചിമ്മിയതോടെ മത്സരം ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം 41 റണ്‍സിനു ദക്ഷിണാഫ്രിക്ക വിജയിക്കുകയായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്കായി എയ്ഡന്‍ മാര്‍ക്രം 67 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ ഫാഫ് ഡു പ്ലെസി 24 റണ്‍സും റാസ്സി വാന്‍ ഡെര്‍ ഡൂസ്സെന്‍ 28 റണ്‍സും നേടി പുറത്താകാതെ നിന്നു.

56 റണ്‍സ് നേടിയ കുശല്‍ മെന്‍ഡിസ് ആണ് ലങ്കയുടെ ടോപ് സ്കോറര്‍. പ്രിയാമല്‍ പെരേര 33 റണ്‍സും ആഞ്ചലോ പെരേര 31 റണ്‍സും നേടിയപ്പോള്‍ ഇസ്രു ഉഡാന 32 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കയ്ക്കായി കാഗിസോ റബാഡ മൂന്നും ആന്‍റിച്ച് നോര്‍ട്ജേ, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മാന്‍ ഓഫ് ദി മാച്ചായി എയ്ഡന്‍ മാര്‍ക്രം തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പരമ്പരയിലെ താരമായി മാറിയത് ക്വിന്റണ്‍ ഡികോക്ക് ആയിരുന്നു.