ടി20 ലോകകപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക ബംഗ്ലാദേശിനെതിരെ 104 റൺസിന്റെ വിജയം നേടി. ദക്ഷിണാഫ്രിക്ക ഉയർത്തിയ 206 റൺസിന്റെ വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് ബാറ്റിങ് തകർന്നടിയുക ആയിരുന്നു. ആകെ 101 റൺസ് എടുക്കുന്നതിനിടയിൽ ബംഗ്ലാദേശ് ഓൾ ഔട്ട് ആവുക ആയിരുന്നു. തബ്രയ് ഷംസിയുടെയും ആൻറിച് നോർടിയയുടെയും ബൗളിംഗ് ആണ് ബംഗ്ലാദേശിനെ ഇത്ര വേഗം എറിഞ്ഞിടാൻ ദക്ഷിണാഫ്രിക്കയെ സഹായിച്ചത്. ഷംസി മൂന്ന് വിക്കറ്റും നോർക്കിയ 4 വിക്കറ്റും വീഴ്ത്തി. നോർക്കിയ 3.2 ഓവറിൽ 10 റൺസ് മാത്രം വഴങ്ങിയാണ് 4 വിക്കറ്റ് എടുത്തത്.

റബാഡയും മഹാരാജും ഒരോ വിജ്ജറ്റ് വീതവും വീഴ്ത്തി. 34 റൺസ് എടുത്ത ലിറ്റൺ ദാസ് മാത്രമാണ് ബംഗ്ലാദേശ് നിരയിൽ പിടിച്ചു നിന്നത്.
നേരത്തെ ആദ്യം ബാറ്റു ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് ആണ് എടുത്തത്. റിലീ റുസ്സോയുടെ സെഞ്ച്വറി ആണ് ദക്ഷിണാഫ്രിക്കക്ക് ഇത്ര വലിയ സ്കോർ നൽകിയത്. 56 പന്തിൽ നിന്ന് 109 റൺസ് ആണ് അദ്ദേഹം നേടിയത്.

8 സിക്സും 7 ഫോറും അടങ്ങുന്നത് ആയിരുന്നു റോസോയുടെ ഇന്നിങ്സ്. 38 പന്തിൽ നിന്ന് 63 റൺസ് എടുത്ത ഡി കോക്കും ബംഗ്ലാദേശ് ബൗളർമാരെ അടിച്ചു പറത്തി. 3 സിക്സും 7 ഫോറും ഡി കോക്ക് അടിച്ചു.
ബംഗ്ലാദേശിനു വേണ്ടി ഷാകിബ് 2 വിക്കറ്റും തസ്കിൻ, അഫീഫ്, ജസൻ മഹ്മുദ് എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.














