വനിത ബിഗ് ബാഷില്‍ ഇന്ന് നടന്ന അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്-ഹോബാര്‍ട്ട് ഹറികെയന്‍സ് മത്സരം ടൈയില്‍ അവസാനിച്ചപ്പോള്‍ വിഫലമായെന്ന് തോന്നിയത് അഡിലെയ്ഡിന്റെ സോഫി ഡിവൈന്റെ പുറത്താകാതെ നേടിയ 99 റണ്‍സായിരുന്നു. 53 പന്തില്‍ നിന്ന് 10 ബൗണ്ടറിയും 4 സിക്സും സഹിതമായിരുന്നു ഡിവൈന്റെ പ്രകടനം. ഒപ്പം താഹില മഗ്രാത്ത് 63 റണ്‍സ് നേടിയപ്പോള്‍ 189/5 എന്ന ജയിക്കുവാന്‍ പോന്ന സ്കോര്‍ അഡിലെയ്ഡ് സ്ട്രൈക്കേഴ്സ് നേടിയിരുന്നു.
എന്നാല്‍ ഹോബാര്‍ട്ടിനു വേണ്ടി സ്മൃതി മന്ഥാനയും ജോര്‍ജ്ജിയ റെഡ്മെയിനും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ 20 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ ടീം 189 റണ്‍സ് നേടി. ജോര്‍ജ്ജിയ 54 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ സ്മൃതി 25 പന്തില്‍ നിന്ന് 52 റണ്‍സ് നേടി വെടിക്കെട്ട് പ്രകടനം പുറത്തെടുത്തു. സാറ കോയ്ടേ മൂന്ന് വിക്കറ്റുമായി അഡിലെയ്ഡിനു വേണ്ടി തിളങ്ങി.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ടിനു വേണ്ടി സ്മൃതി ആദ്യ പന്തില്‍ സിക്സ് നേടി . എന്നാല്‍ ഓവറില്‍ നിന്ന് 12 റണ്‍സ് മാത്രമേ ഒരു വിക്കറ്റ് നഷ്ടത്തില്‍ ടീമിനു നേടാനായുള്ളു. സാറ കോയ്ടെയാണ് ഓവര്‍ എറിഞ്ഞത്. ബാറ്റിംഗിനിറങ്ങിയ സോഫി ആദ്യ മൂന്ന് പന്തില്‍ നിന്ന് തന്നെ അഡിലെയ്ഡിനെ സൂപ്പര്‍ ഓവര്‍ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ആദ്യ രണ്ട് പന്തും സിക്സര്‍ പറത്തി സോഫി സ്കോര്‍ ഒപ്പമെത്തിച്ച ശേഷം മൂന്നാം പന്തില്‍ ബൗണ്ടറി നേടി വിജയം ഉറപ്പാക്കി.