സ്മൃതിയുടെ പുതിയ ശീലം, പരമ്പരയിലെ താരം പദവി സ്വന്തമാക്കല്‍

Sports Correspondent

ഇന്ത്യ വിജയം കുറിയ്ക്കുന്ന ഏകദിന പരമ്പരകളിലെ താരമെന്ന പദവി സ്വന്തമാക്കുന്നതില്‍ ഹരം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഓപ്പണിംഗ് താരം സ്മൃതി മന്ഥാന. ഇന്ത്യ വിജയിച്ച കഴിഞ്ഞ നാല് പരമ്പരകളിലും സ്മൃതി തന്നെയാണ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 2018ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും ഇംഗ്ലണ്ടിനെതിരെയും ഇന്ത്യന്‍ ഓപ്പണര്‍ ഈ നേട്ടം സ്വന്തമാക്കിയപ്പോള്‍ 2019ല്‍ ന്യൂസിലാണ്ട്, ഇംഗ്ലണ്ട് ഏകദിന പരമ്പരകളിലും സ്മൃതി തന്നെയാണ് താരം.

ഇന്ന് മുംബൈയില്‍ ഇന്ത്യ മൂന്നാം ഏകദിനത്തില്‍ തോല്‍വിയേറ്റു വാങ്ങിയെങ്കിലും 66 റണ്‍സ് നേടിയ സ്മൃതിയാണ് മത്സരത്തിലെ ടോപ് സ്കോറര്‍. ആദ്യ മത്സരത്തില്‍ 24 റണ്‍സ് മാത്രമേ താരത്തിനു നേടാനായുള്ളുവെങ്കിലും രണ്ടാം മത്സരത്തില്‍ 63 റണ്‍സാണ് സ്മൃതിയുടെ സംഭാവന. രണ്ട് അര്‍ദ്ധ ശതകങ്ങളാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയില്‍ താരത്തിന്റെ നേട്ടം.

വരാനിരിക്കുന്ന ടി20 പരമ്പരയില്‍ ഹര്‍മ്മന്‍പ്രീത് കൗറിന്റെ അഭാവത്തില്‍ ഇന്ത്യയെ നയിക്കുക എന്ന ദൗത്യം കൂടി സ്മൃതിയുടെ മേലുണ്ടാവും. ആ സമ്മര്‍ദ്ദത്തില്‍ ഇത്തരം ഒരു പ്രകടനം താരത്തിനു പുറത്തെടുക്കുവാനാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.