അവസാന ഓവറില്‍ ധോണിയ്ക്ക് പിഴച്ചപ്പോള്‍ ബൗളിംഗിനെത്തിയ രവീന്ദ്ര ജഡേജയെ മൂന്ന് സിക്സറുകള്‍ക്ക് പറത്തി ഡല്‍ഹിയുടെ വിജയം ഉറപ്പാക്കി അക്സര്‍ പട്ടേല്‍. 5 പന്തില്‍ 21 റണ്‍സ് നേടിയ അക്സറിന്റെ മികവില്‍ 17 റണ്‍സെന്ന വലിയ ലക്ഷ്യം ആണ് ഡല്‍ഹി മറികടന്നത്. ശതകം നേടിയ ശിഖര്‍ ധവാന്‍ ആണ് ഡല്‍ഹിയുടെ വിജയത്തിന്റെ അടിത്തറ.
58 പന്തില്‍ നിന്ന് 101 റണ്‍സ് നേടിയ ശിഖര്‍ ധവാനെ 19ാം ഓവറില്‍ അമ്പയര്‍ ഔട്ട് വിധിച്ചുവെങ്കിലും തീരുമാനം ഉടന്‍ തന്നെ റിവ്യൂ ചെയ്ത് ധവാന്‍ തീരുമാനം തെറ്റാണെന്ന് തെളിയിക്കുകയായിരുന്നു. 3 സിക്സുകളുടെ സഹായത്തോടെ അക്സര്‍ പട്ടേല്‍ 21 റണ്‍സ് നേടി. ധവാന്റെ മൂന്നോളം ക്യാച്ചുകളാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നഷ്ടപ്പെടുത്തിയത്.
ദീപക് ചഹാറിന്റെ ഇരട്ട പ്രഹരങ്ങള്‍ക്ക് ശേഷം ശിഖര്‍ ധവാനും ശ്രേയസ്സ് അയ്യരും ചേര്‍ന്നാണ് ഡല്‍ഹിയെ മുന്നോട്ട് നയിച്ചത്. ഇന്നിംഗ്സിലെ രണ്ടാം പന്തില്‍ പൃഥ്വി ചഹാറിന് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ ഏതാനും ഓവറുകള്‍ക്ക് ശേഷം ചഹാര്‍ രഹാനയെയും പുറത്താക്കി.
എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ തുടര്‍ച്ചയെന്നവണ്ണം ധവാന്‍ ബാറ്റ് വീശിയപ്പോള്‍ പത്തോവറില്‍ 76 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. 23 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യരെ ടീമിന് നഷ്ടപ്പെടുമ്പോള്‍ 94 റണ്‍സായിരുന്നു സ്കോര്‍ ബോര്‍ഡില്‍. ഡ്വെയിന്‍ ബ്രാവോയ്ക്കായിരുന്നു വിക്കറ്റ്.
മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 51 റണ്‍സായിരുന്നു ഡല്‍ഹി നേടേണ്ടിയിരുന്നത്. ശര്‍ദ്ധുല്‍ താക്കൂറിനെ ഒരു കൂറ്റന്‍ സിക്സര്‍ പായിച്ച സ്റ്റോയിനിസിനെ തൊട്ടടുത്ത പന്തില്‍ പുറത്താക്കി താരം തിരിച്ചടിച്ചപ്പോള്‍ ചെന്നൈയ്ക്ക് നാലാം വിക്കറ്റ് ലഭിച്ചു. ധവാനും സ്റ്റോയിനിസും ചേര്‍ന്ന് 43 റണ്‍സാണ് 25 പന്തില്‍ നിന്ന് നേടിയത്.
ആ ഓവറില്‍ നിന്ന് 10 റണ്‍സ് മാത്രം പിറന്നപ്പോള്‍ 24 പന്തില്‍ നിന്ന് 41 റണ്‍സായി മാറി ഡല്‍ഹിയുടെ ലക്ഷ്യം. 12 പന്തില്‍ 21 റണ്‍സ് നേടേണ്ടിയിരുന്നു ഡല്‍ഹിയ്ക്ക് സാം കറന്‍ എറിഞ്ഞ 19ാം ഓവറില്‍ നിന്ന് 4 റണ്‍സ് മാത്രമേ നേടാനായുള്ളു. അലെക്സ് കാറെയെ നഷ്ടമാകുകയും ചെയ്തു ഡല്‍ഹിയ്ക്ക്. ഇതിനിടെ 57 പന്തില്‍ നിന്ന് ധവാന്‍ തന്റെ ശതകം നേടി. അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ഡല്‍ഹി നേടേണ്ടിയിരുന്നത്.
ഡ്വെയിന്‍ ബ്രാവോ പൂര്‍ണ്ണമായും ഫിറ്റല്ലാതിരുന്നതിനാല്‍ രവീന്ദ്ര ജഡേജയ്ക്ക് പന്തെറിയുവാന്‍ നല്‍കിയ ധോണിയുടെ തീരുമാനം അക്സര്‍ പട്ടേല്‍ തെറ്റിക്കുന്ന കാഴ്ചയാണ് പിന്നീട് ഗ്രൗണ്ടില്‍ കണ്ടത്. ജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.