ഒരു ഐസിസി പൂര്‍ണ്ണാംഗമായ ടീമിനെതിരെ തങ്ങളുടെ ആദ്യ വിജയം കുറിച്ച് സിംഗപ്പൂര്‍. ഇന്നലെ നടന്ന മത്സരത്തില്‍ സിംബാബ്‍വേയ്ക്കെതിരെ നാല് റണ്‍സിന്റെ വിജയമാണ് സിംഗപ്പൂര്‍ നേടിയത്. സിംബാബ്‍വേയുടെ പുതിയ നായകന്‍ ഷോണ്‍ വില്യംസ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും താരം 35 പന്തില്‍ നിന്ന് നേടിയ 66 റണ്‍സ് വിഫലമായി പോകുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംഗപ്പൂര്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 18 ഓവറില്‍ നിന്ന് 181 റണ്‍സ് നേടിയപ്പോള്‍ സിംബാബ്‍വേയുടെ ഇന്നിംഗ്സ് 18 ഓവറില്‍ 177/7 എന്ന നിലയില്‍ അവസാനിച്ചു.
മന്‍പ്രീത് സിംഗ്(23 പന്തില്‍ 41), ടിം ഡേവിഡ്(24 പന്തില്‍ 41), രോഹന്‍ രംഗരാജന്‍(39), സുരേന്ദ്രന്‍ ചന്ദ്രമോഹന്‍(23) എന്നിവരാണ് സിംഗപ്പൂരിനായി റണ്‍സ് കണ്ടെത്തിയത്. സിംബാബ്‍വേയ്ക്ക് വേണ്ടി റയാന്‍ ബര്‍ള്‍ മൂന്നും റിച്ചാര്‍ഡ് ഗാരാവ രണ്ടും വിക്കറ്റ് നേടി.
ഷോണ്‍ വില്യംസിനു പുറമെ റെഗിസ് ചക്കാബവ 19 പന്തില്‍ 48 റണ്‍സ് നേടി. മൂന്നാം വിക്കറ്റില്‍ ടിനോടെന്‍ഡ മുടോംബോഡ്സിയുമായി(32) ചേര്‍ന്ന് ഷോണ്‍ വില്യംസ് 79 റണ്‍സ് നേടിയപ്പോള്‍ സിംബാബ്‍വേയ്ക്ക് വിജയ പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും ഇരുവരും പുറത്തായതോടെ പിന്നെ സിംബാബ്‍വേയുടെ ചേസിംഗിന്റെ താളം തെറ്റി.
സിംഗപ്പൂരിനായി അംജദ് മെഹ്ബൂബ്, ജാനക് പ്രകാശ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.