കണ്ണഞ്ചിപ്പിക്കുന്ന വാട്സണ്‍ ശതകം, കണ്ണ് ചിമ്മി ഫ്ലഡ് ലൈറ്റുകള്‍

Sports Correspondent

ഈസ്റ്റ് ബ്രിസ്ബെയിനിലെ പവര്‍കട്ട് മൂലം ബിഗ് ബാഷ് ലീഗില്‍ ഇന്ന് നടന്ന മത്സരം ഉപേക്ഷിക്കപ്പെട്ടു. സിഡ്നി തണ്ടറും ബ്രിസ്ബെയിന്‍ ഹീറ്റും തമ്മിലുള്ള മത്സരമാണ് ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായതോടെ ഉപേക്ഷിക്കപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത സിഡ്നി തണ്ടര്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടുകയായിരുന്നു. തണ്ടര്‍ നായകന്‍ ഷെയിന്‍ വാട്സണ്‍ നേടിയ തകര്‍പ്പന്‍ ശതകത്തിന്റെ ബലത്തിലാണ് ടീം ഈ കൂറ്റന്‍ സ്കോര്‍ നേടിയത്. 62 പന്തില്‍ നിന്ന് 100 റണ്‍സ് നേടിയ ഷെയിന്‍ വാട്സണ്‍ 8 ഫോറും 6 സിക്സും തന്റെ ഇന്നിംഗ്സില്‍ നേടി.

10 റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ബ്രിസ്ബെയിന്‍ തോല്‍വി ഉറപ്പാക്കിയ നിമിഷത്തിലാണ് ഫ്ലഡ് ലൈറ്റുകള്‍ കണ്ണ് ചിമ്മിയത്. ഇതോടെ മത്സരം ഉപേക്ഷിക്കുകയും ടീമുകള്‍ ഓരോ പോയിന്റ് പങ്കുവയ്ക്കുകയും ചെയ്തു.