ബാഴ്സലോണ തോറ്റ ദിവസം ലാലിഗ ടേബിളിൽ ഒന്നാമത് എത്താം എന്ന ചിന്തയിൽ കളിക്കാൻ ഇറങ്ങിയ റയൽ മാഡ്രിഡിന് കനത്ത പരാജയം. സെവിയ്യ ആണ് റയൽ മാഡ്രിഡിനെ നിലം തോടാൻ വിടാതെ മാഡ്രിഡിലേക്ക് മടക്കികയത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഇന്ന് റയലിന്റെ തോൽവി. മൂന്ന് ഗോളുകളും ആദ്യ പകുതിയിലാണ് റയൽ വഴങ്ങിയത്.
കഴിഞ്ഞ കളിയിൽ ആറു ഗോളുകൾ അടിച്ച് ലെവന്റയെ തോൽപ്പിച്ച സെവിയ്യ അതേ തീയിൽ തന്നെയാണ് ഇന്ന് മാഡ്രിഡിനെയും നേരിട്ടത്. പോർച്ചുഗീസ് സ്ട്രൈക്കർ ആൻഡ്രെ സിൽവയുടെ ഇരട്ട ഗോളുകളാണ് ജയത്തിൽ സെവിയ്യയുടെ കരുത്തായത്. 17, 21 മിനുട്ടുകളിൽ ആയിരുന്നു സിൽവയുടെ ഗോളുകൾ. 39ആം മിനുട്ടിൽ ബെൻ യഡർ മൂന്നാം ഗോളും നേടി. കഴിഞ്ഞ കളിയിൽ ഹാട്രിക്ക് നേടിയ താരമാണ് ബെൻ യെഡർ.
റയൽ മാഡ്രിഡിന്റെ സീസണിലെ ആദ്യ പരാജയമാണിത്. തോൽവി റയലിനെ രണ്ടാമത് തന്നെ നിർത്തിയിരിക്കുകയാണ്. ഇന്ന് നേരത്തെ നടന്ന മത്സരത്തിൽ ബാഴ്സലോണ ലെഗനെസിനോടും തോറ്റിരുന്നു. രണ്ട് ടീമിനും ഇപ്പോൾ 13 പോയ്ന്റാണ് ഉള്ളത്. ഇന്ന് ജയിച്ച സെവിയ്യ ആറു മത്സരങ്ങളിൽ 10 പോയന്റുമായി ലീഗിൽ നാലാമത് എത്തി.