കേരളത്തിൽ ഒരു ഇലവൻസ് പ്രൊഫഷണൽ ടീം കൂടെ വരികയാണ്. സെവൻസ് ഫുട്ബോളിലെ വലിയ പേരായ സൂപ്പർ സ്റ്റുഡിയോ മലപ്പുറം ആണ് പ്രൊഫഷണൽ ഫുട്ബോളിലേക്ക് കാലെടുത്തു വെക്കുന്നത്. സൂപ്പർ സ്റ്റുഡിയോ സെവൻസ് ടീമിനൊപ്പം ഇലവൻസ് ടീം കൂടെ ആരംഭിക്കുന്നതായി ക്ലബ് ഉടമയും സെവൻസ് ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റുമായ സൂപ്പർ അഷ്റഫ് ബാവ് അറിയിച്ചു.
മലപ്പുറം തന്നെ ആയിരിക്കും ടീമിന്റെ ആസ്ഥാനം. ഉടൻ തന്നെ ടീം തിരഞ്ഞെടുപ്പിനു വേണ്ടി സൂപ്പർ സ്റ്റുഡിയോ ട്രയൽസ് വിളിക്കും. ട്രയൽസ് തിരഞ്ഞെടുക്കപ്പെടുന്നവരെ വെച്ചാകും ആദ്യ ടീം ഒരുക്കുക. വരും സീസണുകളിൽ ജില്ലാ ലീഗും പതിയെ കേരള പ്രീമിയർ ലീഗിൽ കളിക്കലും ആണ് സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ ആദ്യ ലക്ഷ്യങ്ങൾ എന്ന് സൂപ്പർ അഷ്റഫ് ബാവ പറഞ്ഞു. ഇത്ര കാലവും സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് ഫുട്ബോൾ പ്രേമികളിൽ നിന്ന് കിട്ടിയ സ്നേഹവും പിന്തുണയും ഈ പുതിയ നീക്കത്തിനും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന്റെ ഇലവൻസ് രംഗത്തേക്കുള്ള വരവ് സെവൻസ് ഫുട്ബോൾ ലോകത്തിലെ മറ്റു പ്രമുഖ ക്ലബുകളെയും ഈ ചുവട് വെക്കാൻ പ്രേരിപ്പിക്കും എന്നാണ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്.