സെവൻസ് ഫുട്ബോൾ തകരുന്നോ, ഇത്തവണ നടന്നത് പകുതിയോളം ടൂർണമെന്റുകൾ മാത്രം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കേരളത്തിലെ സെവൻസ് ഫുട്ബോളിന് ഇത്രയും മോശം ഒരു സീസൺ ഇതിനു മുമ്പ് അടുത്തൊന്നും ഉണ്ടായിട്ടില്ല എന്നതാണ് സത്യം. എല്ലാ വർഷവും ടൂർണമെന്റുകളിൽ കളിക്കാൻ ടീമിന് സമയമില്ലാത്ത അവസ്ഥ ആയിരുന്നു പതിവ്. പക്ഷെ ഇത്തവണ കളിക്കാൻ ടൂർണമെന്റുകളേ ഇല്ലാതെ ടീമുകൾ വെറുതെ ഇരിക്കുകയാണ്. സാധാരണം മെയ് അവസാനം വരെ‌ നീണ്ടു നിക്കാറുള്ള സെവൻസ് സീസൺ ഇപ്പോൾ മാർച്ച് ആരംഭത്തിൽ തന്നെ അവസാനിച്ച മട്ടാണ്.

ഇതുവരെ 2018-19 സീസണിൽ നടന്നത് വെറും 25 ടൂർണമെന്റുകളാണ്. അതിൽ 23 ഗ്രൗണ്ടുകളിലും ടൂർണമെന്റ് അവസാനിച്ചു. ഇപ്പോൾ ടൂർണമെന്റ് നടക്കുന്നത് ആകെ രണ്ടു ഗ്രൗണ്ടുകളിലാണ്‌. അതായത് ഒരു ദിവസം കൂടി വന്നാൽ നടക്കുന്നത് രണ്ട് കളികൾ മാത്രം. കഴിഞ്ഞ മാർച്ച് തുടക്കത്തിൽ ഒരു ദിവസം 10നു മുകളിൽ ടൂർണമെന്റുകളിൽ മത്സരമുണ്ടായിരുന്നു എന്നിരിക്കെ ആണ് ഇപ്പോഴത്തെ ഈ അവസ്ഥ.

ഇനി സീസണിൽ ടൂർണമെന്റുകൾ ഏതെങ്കിലും തുടങ്ങുമോ എന്ന് ഒരു ഉറപ്പും ഇല്ല. കൂടി വന്നാൽ നാലോ അഞ്ചോ ടൂർണമെന്റുകൾ കൂടിയേ ഈ സീസണിൽ നടക്കുകയുള്ളൂ. പാണ്ടിക്കാട്, എടക്കര, കാടപ്പാടി പിന്നെ കർക്കിടാംകുന്ന്.. ഈ ടൂർണമെന്റുകൾ ആണ് ഇനി ആകെ നടക്കാൻ സാധ്യത. ചുരുക്കി പറഞ്ഞാൽ ഇത്തവണ ആകെ മുപ്പതിൽ താഴെ മാത്രമെ ടൂർണമെന്റുകൾ നടക്കൂ എന്നർത്ഥം. കഴിഞ്ഞ വർഷം അമ്പതു ടൂർണമെന്റുകൾ നടന്ന സ്ഥാനത്താണ് ഈ സീസണിൽ പകുതി ഗ്രൗണ്ടുകളിലേക്കായി ടൂർണമെന്റുകൾ ചുരുങ്ങിയത്.

നിരവധി കാരണങ്ങളാണ് ടൂർണമെന്റുകൾ കുറയാനായി പറയപ്പെടുന്നത്. ഒന്ന് കഴിഞ്ഞ വർഷം കേരളം കണ്ട പ്രളയമാണ്. പല ടൂർണമെന്റ് കമ്മിറ്റികളും തുടക്കത്തിൽ തന്നെ ടൂർണമെന്റ് നടത്തുന്നതിന് പകരം ദുരിതാശ്വാസത്തിനായി ആ സമയം വിനയോഗിക്കാൻ തീരുമാനിച്ചു. പ്രളയം നൽകിയ സാമ്പത്തിക പ്രതിസന്ധികളും വിനയായി. പിന്നെ നടന്ന ടൂർണമെന്റുകളിൽ മിക്കതും പരാജയപ്പെട്ടത് പുതിയ ടൂർണമെന്റുകൾ തുടങ്ങുന്നതിൽ നിന്ന് കമ്മിറ്റികളെ പിറകോട്ട് അടിപ്പിച്ചു.

ഒപ്പം ഇലക്ഷനും എസ് എസ് എൽ സി പരീക്ഷയും മെയ് ആദ്യത്തിൽ തന്നെ എത്തുന്ന റംസാൻ നോമ്പും എല്ലാം സെവൻസിൽ പുതിയ ടൂർണമെന്റുകൾ വരുന്നതിന് തിരിച്ചടിയായി. പ്രമുഖ ടീമുകളിൽ പലതും പിറകോട്ട് പോയതും റെഫറിയിംഗിലെയും കമ്മിറ്റികളുടെയും തെറ്റായ തീരുമാനങ്ങളും കാണികളെ ഗ്രൗണ്ടിൽ നിന്ന് അകറ്റുകയും ചെയ്തു. കമ്മിറ്റികൾ അവർക്ക് ഇഷ്ടപ്പെട്ട ടീമുകളെ ഗ്രൗണ്ടിൽ പിന്തുണച്ചത് ആരാധകരെ അഖിലേന്ത്യാ സെവൻസിൽ നിന്ന് അകറ്റി. സെവൻസ് ഫുട്ബോൾ അസോസിയേഴൻ നിരോധിച്ച മേൽമുറി സെവൻസ് വമ്പൻ വിജയമായത് കളി നടത്തുന്നതിലെ അഖിലേന്ത്യാ സെവൻസ് കമ്മിറ്റകളുടെ പോരായ്മയാണ് കാണികളെ അകറ്റുന്നത് എന്ന് കാണിച്ചു തന്നു.

ഒപ്പം വടക്കൻ മലബാറിലെ ടീമുകൾക്ക് പ്രാധാന്യം കുറഞ്ഞതും സെവൻസിന് മൊത്തത്തിൽ തിരിച്ചടിയായി. അടുത്ത സീസണിൽ എങ്കിലും ദുർഗതിയിൽ നിന്ന് സെവൻസ് രക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുകയാണ് സെവൻസ് ആരാധകർ.