വനിതാ ലീഗ്; വീണ്ടും ഒമ്പത് ഗോളടിച്ച് സേതു എഫ് സി സെമി ഫൈനലിൽ

Newsroom

ഇന്ത്യൻ വനിതാ ലീഗിൽ സേതു എഫ് സി സെമി ഫൈനൽ ഉറപ്പിച്ചു. ഇന്ന് മറ്റൊരു തകർപ്പൻ വിജയത്തിലൂടെ ആയിരുന്നു സേതുവിന്റെ സെമി പ്രവേശനം. ലുധിയാനയിൽ വെച്ച് നടന്ന മത്സരത്തിൽ കൊൽഹാപൂർ സിറ്റിയെ ആണ് സേതു പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത 9 ഗോളുകൾക്കായിരുന്നു സേതുവിന്റെ വിജയം. കഴിഞ്ഞ മത്സരത്തിൽ സായ് കട്ടക്കിനെയും 9-0 എന്ന സ്കോറിൽ സേതു തോൽപ്പിച്ചിരുന്നു.

സേതു എഫ് സിക്ക് വേണ്ടി രണ്ട് ഹാട്രിക്കുകളാണ് ഇന്ന് പിറന്നത്. രത്ന ബാലാദേവിയും സബിത്രയുമാണ് ഹാട്രിക്ക് നേടിയത്. രത്ന ബാലാദേവി കഴിഞ്ഞ മത്സരത്തിൽ നാലു ഗോളുകളും നേടിയിരുന്നു. ഗ്രേസിന്റെ ഇരട്ട ഗോളുകളും ഇന്ന് സേതുവിന് കരുത്തായി. സേതുവിന്റെ തുടർച്ചയായ നാലാം ജയമാണിത്. സേതു എഫ് സിക്ക് ഈ വിജയത്തോടെ നാലു മത്സരങ്ങളിൽ നിന്ന് 12 പോയന്റ് ആയി.