നാപോളിക്ക് കാലിടറി, മിലാനും യുവന്റസും റൊണാൾഡോയും ചാമ്പ്യൻസ് ലീഗിൽ കളിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസും ക്രിസ്റ്റ്യാനോ റൊണാൾഡോയും അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടില്ല എന്ന ആരാധകരുടെ ആശങ്കയ്ക്ക് അവസാനം. ഇന്ന് സീരി എയിലെ അവസാന മത്സരത്തിൽ നാപോളിക്ക് കാലിടറിയതും ഒപ്പം വൻ വിജയം നേടാൻ യുവന്റസിന് ആയതും യുവന്റസിനെ ടോപ് 4ൽ എത്തിച്ചു. ഇന്ന് വിജയിച്ച എ സി മിലാനും യുവന്റസും ടോപ് 4ൽ ഫിനിഷ് ചെയ്തപ്പോൾ, ഹെല്ലാസ് വെറോണയോട് സമനില വഴങ്ങിയ നാപോളി അഞ്ചാം സ്ഥാനവുമായി യൂറോപ്പയിലേക്ക് പോകേണ്ടി വന്നു.

ഇന്ന് യുവന്റസ് അഞ്ചാമതും നാപോളി നാലാമതും മിലാൻ മൂന്നാമതും എന്ന നിലയിൽ ആയിരുന്നു മത്സരം ആരംഭിച്ചത്. ശക്തരായ എതിരാളികളായ അറ്റലാന്റയെ എവേ മത്സരത്തിൽ നേരിട്ട എ സി മിലാൻ മറുപടിയില്ലാത്ത രണ്ടു ഗോളിന്റെ വിജയമാണ് ഇന്ന് നേടിയത്. ആദ്യ പകുതിയിൽ 43ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്ന് കെസ്സെയാണ് മിലാന് ലീഡു നൽകിയത്. രണ്ടാം പകുതിയുടെ അവസാനവും കെസ്സിയുടെ പെനാൾട്ടിയിൽ തന്നെയാണ് മിലാൻ രണ്ടാം ഗോളും വിജയവും ഉറപ്പിച്ചത്. ഈ വിജയം മിലാനെ 79 പോയിന്റിൽ എത്തിച്ചു.

നാപോളിക്ക് ഇന്ന് ഹെല്ലാസ് വെറോണ ആയിരുന്നു എതിരാളികൾ. വെറോണ നാപോളിക്ക് വലിയ വെല്ലുവിളി തന്നെ ആയി. ആദ്യ പകുതിയിലെ ഗോൾ രഹിത സമനിലക്ക് ശേഷം രണ്ടാം പകുതിയിൽ നാപോളി ലീഡ് എടുത്തു. 62ആം മിനുട്ടിൽ റഹ്മാനിയിലൂടെ ആയിരുന്നു നാപോളിയുടെ ലീഡ്. പക്ഷെ 69ആം മിനുട്ടിലെ ഫറയോനിയുടെ ഗോൾ വെറോണക്ക് സമനില നൽകി. പിന്നീട് വിജയ ഗോൾ നേടാൻ നാപോളിക്ക് ആയില്ല. അവർ 77 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

യുവന്റസിന് ബൊളോണ ആയിരുന്നു എതിരാളികൾ. ക്രിസ്റ്റ്യാനോ റൊണാൾഡോയെ ബെഞ്ചിൽ ഇരുത്തി കൊണ്ട് കളിച്ച യുവന്റസ് വലിയ വിജയം തന്നെ നേടി. ഒന്നിനെതിരെ നാലു ഗോളുകൾക്കാ‌ണ് യുവന്റസ് വിജയിച്ചത്. യുവന്റസിനായി മൊറാട്ട ഇരട്ട ഗോളുകളും കിയേസ, റാബിയോ എന്നിവർ ഒരോ ഗോളും നേടി. ഈ വിജയം യുവന്റസിനെ 78 പോയിന്റിൽ എത്തിച്ചു.

91 പോയിന്റുള്ള ഇന്റർ മിലാൻ ഒന്നാമതും, 79 പോയിന്റുള്ള എ സി മിലാൻ രണ്ടാമതും, 78 പോയിന്റ് ഉള്ള അറ്റലാന്റ മൂന്നാമതും, 78 പോയിന്റ് തന്നെയുള്ള യുവന്റസ് നാലാമതും ഫിനിഷ് ചെയ്തു. ചാമ്പ്യൻസ് ലീഗ് യോഗ്യത യുവന്റസിന് റൊണാൾഡോയെ നിലനിർത്താനും പിർലോക്ക് ക്ലബിൽ തുടരാനും സഹായമാവുകയും ചെയ്യും.