സീരി എയിൽ ജയത്തോടെ യൂറോപ്പ ലീഗ് യോഗ്യത സജീവമാക്കി എ. സി മിലാനും നാപ്പോളിയും. അഞ്ചാം സ്ഥാനത്തുള്ള എ. എസ് റോമയെ ആണ് മിലാൻ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മറികടന്നത്. ജയത്തോടെ 42 പോയിന്റുകളും ആയി ഏഴാം സ്ഥാനത്തേക്ക് ഉയരാനും മിലാന് ആയി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 76 മത്തെ മിനിറ്റിൽ ഇടത് കാലൻ അടിയിലൂടെ ആന്ദ്ര റെബിച്ച് ആണ് മിലാനു ലീഡ് സമ്മാനിച്ചത്. തുടർന്ന് 89 മിനിറ്റിൽ ക്രിസ് സ്മാളിങ് വഴങ്ങിയ പെനാൽട്ടി ലക്ഷ്യം കണ്ട ഹകൻ മിലാന്റെ ജയം ഉറപ്പിച്ചു.
അതേസമയം ലീഗിലെ അവസാന സ്ഥാനക്കാർ ആയ സ്പാളിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് നാപ്പോളി മറികടന്നത്. മത്സരം തുടങ്ങി നാലാം മിനിറ്റിൽ തന്നെ ഫാബിയൻ റൂയിസിന്റെ പാസിൽ മെർട്ടൻസ് നാപ്പോളിക്കു ലീഡ് നൽകി. തുടർന്ന് 29 മിനിറ്റിൽ ആന്ധ്രയയിലൂടെ എതിരാളികൾ മത്സരത്തിൽ ഒപ്പമെത്തി. എന്നാൽ 36 മിനിറ്റിൽ ഹോസെ കല്ലെഹോനിലൂടെ മത്സരത്തിൽ ഒരിക്കൽ കൂടി മുന്നിലെത്തിയ നാപ്പോളി 78 മിനിറ്റിൽ അമൻ യുനസിന്റെ ഗോളിൽ ജയം ഉറപ്പിച്ചു. ഫാബിയൻ റൂയിസ് തന്നെയാണ് ഈ ഗോളിനും വഴി ഒരുക്കിയത്. ജയത്തോടെ റോമക്ക് 3 പോയിന്റുകൾ പിറകിൽ ആറാമത് എത്താൻ നാപ്പോളിക്കു ആയി.