ഇറ്റാലിയൻ സീരി എയിൽ പാർമയെ കടുത്ത പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്ന് ഇന്റർ മിലാൻ. മത്സരത്തിൽ ഭൂരിഭാഗം സമയവും പിന്നിൽ നിന്ന ഇന്റർ ജയത്തോടെ ലീഗിൽ മൂന്നാം സ്ഥാനത്ത് തുടരും. പാർമ ആവട്ടെ ലീഗിൽ എട്ടാം സ്ഥാനത്ത് ആണ്. മത്സരത്തിലെ 15 മത്തെ മിനിറ്റിൽ ജെർവിന്യോയിലൂടെ പാർമ ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. തുടർന്ന് ഒന്നാം പകുതിയിൽ സ്‌കോർ നിലയിൽ മാറ്റം ഉണ്ടായില്ല. മത്സരത്തിൽ ഇന്റർ ശ്രമങ്ങൾ തുടർന്ന് കൊണ്ടിരുന്നു.
രണ്ടാം പകുതിയിൽ ആഷ്‌ലി യങ്, വിക്ടർ മോസസ് എന്നിവരെ കളത്തിലിറക്കിയ അന്റോണിയോ കോന്റെ മത്സരം കൂടുതൽ കടുപ്പിച്ചു. ഇതിന്റെ ഫലമായി ലൊട്ടാരോ മാർട്ടിനസിന്റെ ക്രോസിൽ നിന്ന് സ്റ്റഫൻ വിർജ് അവർക്ക് ഹെഡറിലൂടെ 84 മിനിറ്റിൽ സമനില ഗോൾ സമ്മാനിച്ചു. തുടർന്ന് കുക്കക്ക് ചുവപ്പ് കാർഡ് കണ്ടത് പാർമക്ക് തിരിച്ചടി ആയി. തുടർന്ന് 87 മിനിറ്റിൽ മോസസിന്റെ ക്രോസിൽ നിന്ന് മറ്റൊരു ഹെഡറിലൂടെ അലസാൻഡ്രോ ബാസ്റ്റോണി ഇന്റർ മിലാന്റെ തിരിച്ചു വരവ് പൂർത്തിയാക്കി. 7 മഞ്ഞ കാർഡ് പിറന്ന മത്സരത്തിൽ പാർമ താരത്തിന് പുറമെ ബെഞ്ചിൽ ആയിരുന്ന ഇന്റർ താരം ബെർണിയും ചുവപ്പ് കാർഡ് കണ്ടു.