സമീപകാല യൂറോപ്യൻ ഫുട്‌ബോളിലെ ആക്രമണ ഫുട്ബോളിന്റെ മുഖമായി, ഒരു അത്ഭുതം ആയി അറ്റലാന്റ മാറുകയാണ്. ഉദിനെസെയെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് മറികടന്ന അവർ സീസണിൽ സീരി എയിൽ കളിച്ച 28 കളികളിൽ 14 ലിലും മൂന്നിലധികം ഗോളുകൾ ആണ് നേടിയത്. വലിയ താരമൂല്യമില്ലാത്ത ടീമായ അറ്റലാന്റ സീസണിൽ ഇത് വരെ കളിച്ച 37 കളികളിൽ 26 ലും രണ്ടിലധികം ഗോളുകൾ നേടി, 18 കളികളിൽ 3 ഗോളുകളിൽ അധികം നേടിയ അവർ 10 കളികളിൽ നാലു ഗോളുകളിൽ അധികം നേടി. 5 കളികളിൽ അഞ്ചിൽ അധികം ഗോളുകൾ നേടിയ അവർ നാലു മത്സരങ്ങളിൽ ആറു ഗോളുകളോ അധികമോ നേടി. ഒരു മത്സരത്തിൽ 7 ഗോളുകൾ സീസണിൽ 3 തവണയാണ് അവർ നേടിയത്. ജയത്തോടെ ലീഗിൽ 57 പോയിന്റുകൾ ഉള്ള അവർ ഇന്റർ മിലാന്റെ മൂന്നാം സ്ഥാനത്തിന് കടുത്ത ഭീഷണി ആണ്.
ഉദിനെസെക്ക് എതിരെ എട്ടാം മിനിറ്റിൽ തന്നെ പാപ്പ ഗോമസിന്റെ പാസിൽ നിന്ന് സപാറ്റ അറ്റലാന്റയെ മുന്നിലെത്തിച്ചു. 31 മിനിറ്റിൽ കെവിൻ ലസാഗ്നയിലൂടെ എതിരാളികൾ മത്സരത്തിൽ ഒപ്പമെത്തി. രണ്ടാം പകുതിയിൽ 71 മത്തെ മിനിറ്റിൽ ഫ്രീക്കിക്കിലൂടെ തന്റെ ആദ്യ ഗോൾ കണ്ടത്തിയ ലൂയിസ് മുരിയൽ അറ്റലാന്റക്ക് വീണ്ടും ലീഡ് നൽകി. തുടർന്ന് 8 മിനിറ്റിനുള്ളിൽ പാപ്പ ഗോമസിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ കണ്ടത്തിയ ലൂയിസ് അറ്റലാന്റയുടെ ജയം ഉറപ്പിച്ചു. മത്സരം അവസാനിക്കാൻ 3 മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ കെവിൻ ലസാഗ്ന ഒരിക്കൽ കൂടി ലക്ഷ്യം കണ്ടു എങ്കിലും ഉദിനെസെക്ക് തോൽവി ഒഴിവാക്കാൻ ആയില്ല. നിലവിൽ ജയത്തോടെ ഇന്ററിനു ഒരു പോയിന്റ് മാത്രം പിറകിൽ ലീഗിൽ നാലാം സ്ഥാനത്ത് ആണ് അറ്റലാന്റ.