ഗ്രൂപ്പ് എയിൽ ഹോളണ്ടിനു പിന്നിൽ രണ്ടാം സ്ഥാനക്കാർ ആയി ആഫ്രിക്കൻ ചാമ്പ്യന്മാർ ആയ സെനഗൽ അവസാന പതിനാറിൽ. നിർണായക മത്സരത്തിൽ ആവേശപോരാട്ടത്തിൽ ഇക്വഡോറിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്നു ആണ് അവർ ലോകകപ്പ് ഗ്രൂപ്പ് ഘട്ടം കടന്നത്. പന്ത് കൈവശം വക്കുന്നതിൽ ഇക്വഡോർ ആധിപത്യം കണ്ട മത്സരത്തിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരു ടീമുകളും ഏതാണ്ട് തുല്യത പാലിച്ചു.
ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ഹിൻകാപി തന്നെ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി മാനെയുടെ അഭാവത്തിൽ അനായാസം ലക്ഷ്യം കണ്ട ഇസ്മായില സാർ 44 മത്തെ മിനിറ്റിൽ സെനഗലിന് മുൻതൂക്കം സമ്മാനിച്ചു.രണ്ടാം പകുതിയിൽ സമനില ഗോളിന് ആയി പൊരുതുന്ന ഇക്വഡോറിനെ ആണ് കാണാൻ ആയത്. അടുത്ത റൗണ്ടിൽ എത്താൻ സമനില മതി ആയിരുന്ന അവർ പരിക്ക് മറികടന്നു കളിക്കുന്ന എന്നർ വലൻസിയയെ മുന്നിൽ നിർത്തി പൊരുതി. അതിനു ഫലം ആയി 67 മത്തെ മിനിറ്റിൽ അവർ സമനില ഗോൾ കണ്ടത്തി.
കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ ടോറസിന്റെ ഹെഡറിൽ നിന്നു ലഭിച്ച പന്ത് മോയിസസ് കായിസെഡോ ലക്ഷ്യം കണ്ടു ഇക്വഡോറിന് സമനില ഗോൾ സമ്മാനിക്കുക ആയിരുന്നു. എന്നാൽ 3 മിനിറ്റിനുള്ളിൽ സെനഗൽ മുൻതൂക്കം തിരിച്ചു പിടിച്ചു. കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ ചെൽസി പ്രതിരോധതാരം കൊലിബാലി ആഫ്രിക്കൻ ചാമ്പ്യന്മാർക്ക് വിജയഗോൾ സമ്മാനിച്ചു. അവസാനം സമനിലക്ക് ആയി ഇക്വഡോർ പൊരുതിയെങ്കിലും സെനഗൽ പ്രതിരോധം വിട്ടു കൊടുത്തില്ല. നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാർ ആയ ഹോളണ്ടിനു 7 പോയിന്റുകൾ ഉള്ളപ്പോൾ സെനഗലിന് 6 പോയിന്റും ഇക്വഡോറിന് 4 പോയിന്റും ആണ് ഉള്ളത്. 2002 ലോകകപ്പിന് ശേഷം ഇത് ആദ്യമായാണ് സെനഗൽ ലോകകകപ്പിൽ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്.