അയക്സ് മുന്നേറ്റതാരം സെബാസ്റ്റ്യൻ ഹാളറിനെ ടീമിൽ എത്തിക്കാൻ ബെറൂസിയ ഡോർട്മുണ്ട്. ജർമൻ ടീം തങ്ങളുടെ ആദ്യ ഓഫർ അയക്സിന് മുന്നിൽ സമർപ്പിച്ചതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്തു.33മില്യൺ യൂറോയുടെ അടിസ്ഥാന ഓഫർ ആണ് ഡോർട്മുണ്ട് മുന്നോട്ടു വെച്ചിരിക്കുന്നത്.
ടീം വിട്ട ഏർലിംഗ് ഹാലണ്ടിന് പകരക്കാരെ തേടുന്ന ഡോർട്മുണ്ടിന്റെ ആദ്യ പരിഗണനയാണ് ഈ ഐവറി കോസ്റ്റ് താരം. കഴിഞ്ഞ രണ്ടു സീസണിലും ലീഗ് കിരീടം നേടിയ അയാക്സ് ടീമിൽ മികച്ച പ്രകടനമാണ് ഹാലർ കാഴ്ച്ച വെച്ചത്. 2021ലാണ് വെസ്റ്റ്ഹാമിൽ നിന്നും അയക്സിൽ എത്തുന്നത്. ടീമിനായി ഇതുവരെ 66 മത്സരങ്ങളിൽ നിന്നും 47 ഗോളുകൾ നേടി. അവസാന സീസണിൽ 8 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്നും 11 ഗോളുകളാണ് നേടിയത്. ആഭ്യന്തര ലീഗിൽ ടോപ്പ് സ്‌കോറർ ആയിരുന്നു. മുൻപ് ഫ്രാങ്ക്ഫെർട്ടിനായും ബൂട്ട് കെട്ടിയിട്ടുണ്ട്.
ഡോർട്മുണ്ടിന്റെ ഓഫർ അയക്‌സ് അംഗീകരിക്കുകയാണെങ്കിൽ ബുണ്ടസ് ലീഗയിലേക്കുള്ള താരത്തിന്റെ രണ്ടാം വരവ് ആകും ഇത്. ഇരുപതിയേഴുകാരനുമായി വ്യക്തിപരമായ കരാറിൽ ഡോർട്മുണ്ട് എത്തിയിട്ടുണ്ട് എന്നാണ് സൂചനകൾ. കൂടുതൽ മെച്ചപ്പെട്ട ഓഫർ ആവശ്യപ്പെട്ടാൽ അതിനും ഡോർട്മുണ്ട് സന്നദ്ധരാണ്.