സൗദി അറേബ്യൻ രാജ കുടുംബം ന്യൂകാസിൽ യുണൈറ്റഡിനെ വാങ്ങിയതിനു പിന്നാലെ ന്യൂകാസിൽ യുണൈറ്റഡിന് കേരളത്തിലടക്കം പുതിയ ആരാധകർ മുളയ്ക്കുക ആണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡിനെ സൗദി അറേബ്യൻ രാജ കുടുംബം 300 മില്യൺ നൽകിയാണ് സ്വന്തമാക്കുന്നത്.
സൗദി അറേബ്യ പബ്ലിക് ഇൻവസ്റ്റ്മെന്റ് ഫണ്ട് എന്ന പി എഫ് ഐയിലേക്ക് ന്യൂകാസിലിന്റെ ഉടമസ്ഥാവകാശം പൂർണ്ണമായും മാറാൻ പോവുകയാണ്. സൗദി രാജ കുടുംബം തന്നെയാണ് ഇതിനു പിറകിൽ. ക്ലബിന്റെ 80% ഓഹരികളും പി എഫ് ഐ വാങ്ങും. ഈ നാസം അവസാനത്തോടെ മുമ്പ് സാങ്കേതിക പ്രക്രിയകൾ ഒക്കെ പൂർത്തിയാകും.
മുമ്പ് മാഞ്ചസ്റ്റർ സിറ്റിയും പി എസ് ജിയും ഒക്കെ അറേബ്യൻ പണം വന്നതിനു ശേഷം ലോകത്തെ വലിയ ക്ലബുകളായി മാറിയ ടീമാണ്. ആ ക്ലബുകൾക്ക് ഒക്കെ ഇപ്പോൾ വലിയ ആരാധകരും ഉണ്ട്. ആ ക്ലബുകളെ ഒക്കെ പോലെ ന്യൂകാസിൽ യുണൈറ്റഡും ഉയരും എന്ന് തന്നെയാണ് ഫുട്ബോൾ ലോകം പ്രതീക്ഷിക്കുന്നത്. വൻ താരങ്ങളും പരിശീലകരും ഒക്കെ വരും സീസണിൽ ന്യൂകാസിലിൽ എത്തുകയും ചെയ്യും.
ഇതൊക്കെ മുൻ കൂട്ടി കണ്ടുകൊണ്ടാണ് പുതിയ ആരാധക കൂട്ടങ്ങൾ പിറവിയെടുക്കുന്നത്. ഇതിനകം തന്നെ മലയാളികളുടെ നിരവധി ന്യൂകാസിൽ യുണൈറ്റഡ് ഫാൻസ് വാട്സാപ്പ് ഗ്രൂപ്പുകൾ നിലവിൽ വന്നു. അതിലെ തമാശകളും വാദങ്ങളും ഒക്കെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഒരു ഇംഗ്ലീഷ് ക്ലബിനു കൂടെ മലയാളിയുടെ ഫുട്ബോൾ ചർച്ചകളിൽ വലിയ സ്ഥാനം കിട്ടിയേക്കും എന്നാണ് ഈ സൂചനകളിലൂടെ വ്യക്തമാകുന്നത്.