മലപ്പുറത്തെ ഫുട്ബോൾ പ്രേമികൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ് വരുന്നത്. മഞ്ചേരിയിലെ പയ്യമാട് സ്റ്റേഡിയം അടുത്ത സന്തോഷ് സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ മത്സരത്തിന് വേദിയാകും എന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ പറഞ്ഞു. ഇതിനായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായി ധാരണ ആയതായാണ് വിവരം. സന്തോഷ് ട്രോഫി നവംബറിൽ നടത്താൻ ആണ് എ ഐ എഫ് എഫ് തീരുമാനിച്ചിരിക്കുന്നത്. ഫൈനൽ റൗണ്ട് മത്സരങ്ങൾ കേരളത്തിൽ നടത്താൻ ആണ് തീരുമാനമായിരിക്കുന്നത്.
സന്തോഷ് ട്രോഫിയുടെ സോണൽ മത്സരങ്ങൾ നവംബറിൽ ആകും നടക്കുക. ഇതിനായി നവംബർ 23 മുതൽ ഡിസംബർ 5വരെയുള്ള തീയതികൾ ആണ് തീരുമാനിച്ചിരിക്കുന്നത്. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ജനുവരി 5 മുതലും നടക്കും. കൊറോണ കാരണം അവസാന സന്തോഷ് ട്രോഫി ഉപേക്ഷിക്കേണ്ടി വന്നിരുന്നു.
ഇപ്പോൾ കേരള യുണൈറ്റഡ് ക്ലബിന്റെ ഹോം ഗ്രൗണ്ടാണ് മഞ്ചേരി സ്റ്റേഡിയം. സന്തോഷ് ട്രോഫി കൂടാതെ വനിതാ ഫുട്ബോളിനെയും ബീച്ച് ഫുട്ബോളിനെയും വളർത്താനുള്ള നടപടികൾ സ്വീകരിക്കാനും സർക്കാർ തീരുമാനിച്ചു. സ്റ്റേഡിയങ്ങൾ എല്ലാം നവീകരിക്കാനും ഗവൺമെന്റ് പദ്ധതി ഉണ്ടാക്കിയിട്ടുണ്ട്.